തൃശൂർ: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി . പാർട്ടി എപ്പോഴും ധാർമ്മികതയുടെ പക്ഷത്താണ് നിലകൊണ്ടത്. അത് അങ്ങനെ തന്നെ തുടരുമെന്നും ദീപാദാസ് പറഞ്ഞു.
“ ആരോപണം ഉണ്ടായപ്പോൾ യൂത്ത് കോൺഗ്രസ് പദവിയിൽ നിന്ന് രാഹുൽ രാജിവച്ചു. പരാതികളൊന്നും ലഭിക്കാതെ പാർട്ടിക്ക് എന്തുചെയ്യാൻ കഴിയും? ഇത് നിയമപോരാട്ടമല്ല. പാർട്ടി എപ്പോഴും ധാർമ്മികതയുടെ പക്ഷത്താണ് നിലകൊണ്ടത്. അത് അങ്ങനെ തന്നെ തുടരും. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല; അദ്ദേഹം സ്വയം രാജിവച്ചു,” ദീപ ദാസ് മുൻഷി വ്യക്തമാക്കി.
ട്രാൻസ്ജെൻഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.‘ എം എൽ എ പദവി രാഹുൽ രാജി വയ്ക്കേണ്ട സാഹചര്യമില്ല . ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് അയാൾ . ഇടതുപക്ഷത്തിന് ഇക്കാര്യം ആവശ്യപ്പെടാൻ ധാർമികതയില്ല .അവരുടെ നേതാക്കൾക്കെതിരെയും സമാന പരാതി ഉയർന്നപ്പോൾ ആരും രാജിവച്ചു കണ്ടില്ല. ഇടതുപക്ഷം അവരുടെ പാർട്ടി വിഷയങ്ങൾ പരിശോധിക്കട്ടെ.‘ ദീപാദാസ് പറഞ്ഞു.
അതേസമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഗൗരവമായി അന്വേഷിക്കുമെന്നും വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും മാധ്യമങ്ങളോട് പറഞ്ഞു. കേരള സ്കൂൾ ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാനും നീക്കമുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

