തിരുവനന്തപുരം ; മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിൽ അരങ്ങേറിയത് . പെരുമല ആർച്ച് ജംഗ്ഷനിലെ താമസക്കാർ അഫാൻ തന്റെ ഇളയ സഹോദരൻ അഫ്സനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് പലപ്പോഴും കാണാറുണ്ടായിരുന്നു. പത്ത് വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും, ഇരുവരും തമ്മിൽ അടുത്ത സ്നേഹബന്ധമുണ്ട്. അതുകൊണ്ട് തന്നെ അഫാൻ സ്വന്തം സഹോദരനെ കൊലപ്പെടുത്തുമെന്ന് വിശ്വസിക്കാൻ പോലുക് നാട്ടുകാർക്കാകുന്നില്ല.
പിതാവ് വിദേശത്തായതിനാൽ അഫ്സാന്റെ സംരക്ഷണം അഫാനായിരുന്നു ഏറ്റെടുത്തിരുന്നത്. ഇളയ സഹോദരന്റെ പഠനത്തിലും അഫാൻ ശ്രദ്ധിച്ചിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. അമ്മയുടെ രോഗത്തിൽ നിന്നും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും അനിയനെ ഒഴിവാക്കി നിർത്താൻ അഫാൻ എപ്പോഴും ശ്രമിച്ചിരുന്നു.
കൊലപാതകത്തിന് മുമ്പ്, അഫാൻ അഫ്സനെ ഒരു ഹോട്ടലിൽ കൊണ്ടുപോയി കുഴിമന്തി വാങ്ങി. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഒരു ശീതളപാനീയവും വീടിന്റെ വരാന്തയിലെ കസേരയിൽ കണ്ടെത്തി. കുഴിമന്തി അഫ്സാൻ പായ്ക്ക് ചെയ്തതാണോ അതോ അമ്മ ഷെമിക്ക് വേണ്ടി അഫാൻ വീട്ടിലേക്ക് കൊണ്ടുവന്നതാണോ എന്ന് വ്യക്തമല്ല.
സാമ്പത്തിക ബുദ്ധിമുട്ടുകളും അമ്മയുടെ കാൻസർ രോഗവും അവരുടെ കഷ്ടപ്പാടുകൾ കണ്ടുനിൽക്കാൻ കഴിയാത്ത അവസ്ഥയുമാണ് കൃത്യം ചെയ്യാൻ അഫാനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.