കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോയെന്ന് വെളിപ്പെടുത്തൽ. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച നടൻ തന്നെ ശല്യപ്പെടുത്തിയെന്ന് രണ്ട് ദിവസം മുൻപാണ് വിൻസി വെളിപ്പെടുത്തിയത് . ആ സമയത്ത് വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നതിൽ നിന്ന് അവർ വിട്ടുനിന്നെങ്കിലും, ഇന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും ചിത്രത്തിൻ്റെ ഇൻ്റേണൽ കമ്മിറ്റിക്കും ഔദ്യോഗിക പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി സജി നന്തിയാട്ട് പറഞ്ഞു. ചേംബറിൻ്റെ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, നടനെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട് . അഭിനേതാക്കളുടെ സംഘടനയായ അമ്മയും വിൻസിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പെരുമാറ്റം സംഘടന വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ അച്ചടക്ക നടപടി ആലോചിക്കുന്നുണ്ടെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.
അതേസമയം, ഷൈൻ ടോം ചാക്കോ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെന്ന വിൻസിയുടെ മൊഴി ഗൗരവമായാണ് കാണുന്നതെന്നും , പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി നടിയിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

