ആലപ്പുഴ ; പാടശേഖരത്തിൽ പണിയെടുക്കുന്നതിനിടെ കരയിലേക്ക് കയറാൻ പിടിച്ച കെ എസ് ഇ ബി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ നടപടിയ്ക്ക് സാധ്യത . പള്ളിപ്പാട് പുത്തൻപുരയിലെ സരള (64) ആണ് മരിച്ചത്. ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.
പള്ളിപ്പാട് കെഎസ്ഇബി ഓഫീസിൽ നിരവധി തവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി എടുത്തില്ലെന്ന് ജനകീയ സമിതി ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പള്ളിപ്പാട്ടും സമീപ പ്രദേശങ്ങളിലെ നെൽവയലുകളിലെ വൈദ്യുതി ലൈനുകൾ അപകടകരമായ രീതിയിലാണ്. ഇത് എത്രയും വേഗം ശരിയാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അധികാരികൾ തയ്യാറാകണം. സരളയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സ്റ്റേ കമ്പി ഫ്യൂസ് കാരിയറിൽ തട്ടിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. ഈ അപകട സാധ്യത കെഎസ്ഇബി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥർ, പാടശേഖര ഭാരവാഹികൾ, നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സ്റ്റേ കമ്പി അജ്ഞാതർ ഊരി വിട്ടതാണെന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദവും പൊലീസ് പരിശോധിക്കും.
സരളയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ശ്രീലതയ്ക്കും വൈദ്യുതാഘാതമേറ്റിരുന്നു . ശ്രീലത ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീലതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സരളയ്ക്ക് വൈദ്യുതാഘാതമേറ്റത്.

