പാലക്കാട്: തനിച്ച് താമസിക്കുന്ന 60 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.24 കാരനായ അരുൺ പ്രസാദ് എന്ന യുവാവിനെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത് . 2017 ൽ വാളയാറിലെ അട്ടപ്പള്ളത്തെ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ.
വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലങ്ങാട് സ്വദേശിയായ അരുൺ പ്രസാദിനെ അറസ്റ്റ് ചെയ്തത് . ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വാളയാർ സംഭവം നടക്കുമ്പോൾ അരുൺ പ്രസാദ് പ്രായപൂർത്തിയാകാത്ത ആളായിരുന്നു. വാളയാർ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്തതിനാൽ കേസ് ജുവനൈൽ കോടതിയിലായിരുന്നു. ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന അരുൺ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

