ആലപ്പുഴ : നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ . സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗർഭകാലത്തെ സ്കാനിംഗിൽ വൈകല്യം തിരിച്ചറിയാത്തതിനാലാണ് നടപടി.
ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്.സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
കുഞ്ഞിൻ്റെ കണ്ണും, ചെവിയും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല, മലർത്തി കിടത്തിയാൽ നാക്ക് ഉള്ളിലേക്ക് പോകും , കാലിനും ,കൈയ്ക്കും വളവുണ്ട് . ഗർഭകാലത്ത് പലതവണ നടത്തിയെങ്കിലും സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.
ഓരോ മാസവും സ്കാനിംഗ് നടത്തുമ്പോൾ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും റെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഏഴാം മാസത്തെ സ്കാനിംഗിൽ കുഞ്ഞിന് ഫ്ലൂയിഡ് കൂടുതലാണെന്ന് പറഞ്ഞു.
അഡ്മിറ്റായി മൂന്നാമത്തെ ദിവസം കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് ചൂണ്ടിക്കാട്ടി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് ഫ്ലൂയിഡ് കൂടുതലുള്ളതിനാൽ കുഞ്ഞിന് വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി