തിരുവനന്തപുരം: കേരളത്തിൽ നിപ കോൺടാക്റ്റ് ലിസ്റ്റിലുള്ളത് 425 പേർ . മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് നിപ കോൺടാക്റ്റ് ലിസ്റ്റിലുള്ളത് .
മലപ്പുറത്ത് 12 പേർ ചികിത്സയിലാണ്. അഞ്ച് പേർ ഐസിയുവിൽ ചികിത്സയിലാണ്. കോൺടാക്റ്റ് ലിസ്റ്റിലുള്ള ഒരാൾക്ക് പരിശോധനാ ഫലം നെഗറ്റീവ് ആണ്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്, 61 ആരോഗ്യ പ്രവർത്തകർ കോൺടാക്റ്റ് ലിസ്റ്റിലുണ്ട്. കോഴിക്കോട് ജില്ലയിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള 87 പേർ ആരോഗ്യ പ്രവർത്തകരാണ്.
പ്രദേശത്ത് പനി നിരീക്ഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാനസിക സമ്മർദ്ദമൊഴിവാക്കാൻ സഹായം ഉറപ്പാക്കണം. പാലക്കാട് കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ അവിടെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകൾ മാത്രമേ പരിശോധനയ്ക്ക് അയയ്ക്കാവൂ. നിപ സ്ഥിരീകരിച്ച പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകൾ തയ്യാറാണ്. ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സംസ്ഥാന മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു