തിരുവനന്തപുരം: 2024ൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിച്ചത് 3714 പേരെന്ന് മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതിൽ അധികവും. 2025ന്റെ തുടക്കത്തിൽ ഉൾപ്പെടെ പലയിടങ്ങളിലായുള്ള വാഹനാപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരണപ്പെട്ടിരുന്നു.
പുതുവത്സര ദിനത്തിൽ മാത്രം വാഹനാപകടങ്ങളിൽ 8 പേരാണ് മരിച്ചത്. ഇതിൽ കണ്ണൂരിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തിൽ ജനരോഷം ഇപ്പോഴും ശക്തമാണ്.
അതേസമയം, സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്ക് മുൻ വർഷങ്ങളിലേതിനേക്കാൾ കുറവാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെടുന്നത്. 2023ൽ 4080 പേരാണ് വാഹനാപകടങ്ങളിൽ മരണപ്പെട്ടത്. 2023ൽ 4317 പേരും മരിച്ചിരുന്നു. മരണനിരക്കിൽ തുടർച്ചായി ഉണ്ടാകുന്ന കുറവ് ചെറുതല്ലാത്ത ആശ്വാസമാണ നൽകുന്നതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. കണക്കുകൾ ഇപ്രകാരമാണെങ്കിലും, സംസ്ഥാനത്ത് പ്രതിദിനം ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് വസ്തുതയാണ്.