തൃശൂർ: വീട്ടിൽ പ്രസവം നടന്ന സംഭവത്തിൽ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിന് സമീപം കല്ലുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന(37)യാണ് മരിച്ചത്. ജനുവരിയിലാണ് മുഹ്സിന കുഞ്ഞിനെ പ്രസവിച്ചത് . എന്നാൽ, പ്രസവത്തിന് ആറാം ദിവസം കുഞ്ഞ് മരിച്ചു.
മതിയായ ചികിത്സ കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നും, മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവർത്തകൻ പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് ചാവക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.ഗർഭസമയത്തോ, അതിനു ശേഷമോ മാതാവിനും, കുഞ്ഞിനും വാക്സിനേഷൻ ഉൾപ്പെടെയുള്ള കുത്തിവയ്പ്പുകളോ വൈദ്യസഹായമോ നൽകിയിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു.
ഭർത്താവ് ഇബ്രാഹിമിനെതിരെ മുഹ്സിനയുടെ ബന്ധുക്കളും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. മുഹ്സിനയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നിട്ടും ആരോഗ്യം വഷളായിട്ടും ഭർത്താവ് അവർക്ക് അലോപ്പതി ചികിത്സ നൽകാൻ വിസമ്മതിക്കുകയും പകരം അക്യുപങ്ചർ ചികിത്സ നൽകുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് കുടുംബവുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.
കഴിഞ്ഞ ദിവസം അവരെ സന്ദർശിച്ച അച്ഛനും സഹോദരിയും അവരുടെ ദയനീയാവസ്ഥ കണ്ട് ബലമായാണ് ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ, ചികിത്സയ്ക്കിടെ മുഹ്സിന മരണമടഞ്ഞു. മുഹ്സിനയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

