ന്യൂഡൽഹി : രാജ്യത്തുടനീളം പ്രീമിയം പെട്രോളിന്റെ വില വർദ്ധിപ്പിച്ചു. ഇന്ന് മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ എണ്ണക്കമ്പനികളുടെ പ്രീമിയം ഇന്ധനങ്ങളും വിലയേറിയതായി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ‘സ്പീഡ്’, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) ‘പവർ’, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) ‘എക്സ്പി 95’ പെട്രോളിന്റെ വില ലിറ്ററിന് 2.09 രൂപ വർദ്ധിപ്പിച്ച് 2.35 രൂപയായി. വില വർധനവിന് ശേഷം, ഡൽഹിയിൽ ഒരു ലിറ്റർ പ്രീമിയം പെട്രോളിന്റെ വില 113.77 രൂപയായി.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചു. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് വഹിക്കുന്ന പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് അടച്ചത് വൻ തിരിച്ചടിയാകുകയും ചെയ്തു.
അതേസമയം സാധാരണ പെട്രോളിന്റെ വില മാറ്റമില്ലാതെ തുടരുന്നു . അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ അസ്ഥിരത തുടരുന്ന സമയത്താണ് പ്രീമിയം പെട്രോൾ വിലയിലെ ഈ വർധനവ്. ഇത് ഭാവിയിൽ ഇന്ധന വിലയെ കൂടുതൽ ബാധിച്ചേക്കാം. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണം നീക്കിയതായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (മാർക്കറ്റിംഗ്, ഓയിൽ റിഫൈനറി) സുജാത ശർമ്മ പറഞ്ഞു. നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിച്ചിട്ടില്ല. പ്രീമിയം പെട്രോളിന്റെ വില മാത്രമാണ് വർദ്ധിച്ചിരിക്കുന്നത്.

