കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയിൽ 36 കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴെവീട്ടുവിളാകം സ്വദേശിനി ഫ്ലോറൻസാണ് മരിച്ചത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം . മരിച്ചിട്ട് നാല് ദിവസത്തോളമായതായി പോലീസ് പറഞ്ഞു.
കറുകുറ്റി പള്ളിയങ്ങാടിയിലെ വാടക വീട്ടിൽ ഫ്ലോറൻസ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന്റെ പിൻവാതിൽ തുറന്നുകിടക്കുന്നതായി കണ്ടെത്തി. കൊലപാതക സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏകദേശം നാല് മാസം മുൻപാണ് ഇവർ കറുകുറ്റിയിലേക്ക് താമസം മാറിയത്. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. ബ്രോക്കർ മുഖേനയാണ് വാടക വീട് എടുത്തത്. ദിവസങ്ങളോളം ഫ്ലോറൻസിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ അറിയിച്ചു.
ബാബു സാനി വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസിനെ അറിയിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.

