ന്യൂഡൽഹി: വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ചു, . വ്യോമസേനയിലെ വർഷങ്ങൾ നീണ്ട സേവനത്തിനു ശേഷം അഭിനന്ദൻ മലയാളി സംരംഭകനായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 എന്ന വിമാനക്കമ്പനിയിൽ വാണിജ്യ പൈലറ്റായി ചേർന്നു. എടിആർ 72-600 ടർബോപ്രോപ്പ് വിമാനങ്ങൾ പറത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ആഗസ്റ്റിൽ അഭിനന്ദൻ ഗോവ ആസ്ഥാനമായുള്ള എയർലൈനിൽ ചേർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
2019 ഫെബ്രുവരി 26 ന് പുൽവാമ ആക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ടിലെ ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണം നടത്തിയിരുന്നു . അടുത്ത ദിവസം, ഫെബ്രുവരി 27 ന്, നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ ഇന്ത്യ പരാജയപ്പെടുത്തി. മിഗ്-21 ബൈസൺ പറത്തിയിരുന്ന അഭിനന്ദൻ, ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിന് യുഎസ് നിർമ്മിത പാകിസ്ഥാൻ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. എന്നാൽ, അദ്ദേഹത്തിന്റെ വിമാനം മിസൈൽ ഇടിച്ച് തകർന്നു, അഭിനന്ദനെ പാകിസ്ഥാൻ പിടികൂടിയിരുന്നു .
ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്ന്, മാർച്ച് 1 ന് പാകിസ്ഥാൻ അഭിനന്ദനെ നിരുപാധികം ഇന്ത്യയ്ക്ക് കൈമാറി. ഈ സംഭവമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത് . 2021 ൽ, അഭിനന്ദൻ വർത്തമാന് വീർ ചക്ര ലഭിച്ചു. അന്ന് വിംഗ് കമാൻഡറായിരുന്ന അഭിനന്ദന് 2021 ൽ ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു.

