തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് പണിമുടക്ക്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ സംഘടനകൾ പണിമുടക്കിനെ പിന്തുണയ്ക്കുന്നതിനാൽ സംസ്ഥാനം ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ് .
പാൽ, പത്രം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസുകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. അവധിയെടുക്കുന്ന ജീവനക്കാർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിലെ ഇടതു-വലതുപക്ഷ യൂണിയനുകളുടെ പണിമുടക്ക് കാരണം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും സേവനങ്ങൾ തടസ്സപ്പെട്ടു. ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാതെ പരമാവധി പണിമുടക്കിനോട് സഹകരിക്കണമെന്ന് ട്രേഡ് യൂണിയനുകൾ അഭ്യർത്ഥിച്ചു. കേരള, എംജി, കാലിക്കറ്റ് സർവകലാശാലകൾ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
സിഐടിയുവും ഐഎൻടിയുസിയും കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കുന്നുണ്ട് . നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏകോപിത പണിമുടക്ക് പാടില്ലെന്ന കെപിസിസിയുടെ നിർദ്ദേശത്തെത്തുടർന്ന് ഐഎൻടിയുസി സിഐടിയുവുമായി ചേരാതെയാണ് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ചില സ്ഥലങ്ങളിൽ പണിമുടക്ക് അനുകൂല പ്രവർത്തകർ വാഹനങ്ങൾ തടയുന്നുണ്ട്.

