വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്തിമ വിധിയെഴുതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ ജനതയ്ക്കൊപ്പം അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യമിതാണ്, അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിൽ കമലാ ഹാരിസിലൂടെ രംഗപ്രവേശം ചെയ്യുമോ, അതോ ഡൊണാൾഡ് ട്രമ്പ് രണ്ടാമൂഴത്തിൽ തിരിച്ചെത്തുമോ?
നവംബർ 5ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 160 മില്ല്യൺ വോട്ടർമാരാണ് തങ്ങളുടെ രാഷ്ട്രീയ തീരുമാനം രേഖപ്പെടുത്തുക. ലോകത്തിലെ ഏറ്റവും സങ്കീർണമായ ജനാധിപത്യ പ്രക്രിയകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതിനോടകം 75 മില്ല്യൺ വോട്ടർമാർ വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു. നിലവിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് 78 വയസ്സുകാരനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പും 60 വയസ്സുകാരിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും. 270 ഇലക്ടറൽ വോട്ടുകൾ എന്ന മാന്ത്രിക സംഖ്യ മറികടക്കാനുള്ള ലീഡ് നിലവിൽ ഇരു സ്ഥാനാർത്ഥികൾക്കും ഇല്ല എന്നാണ് റിപ്പോർട്ട്.
അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ: 1845 മുതൽ, നാല് വർഷം കൂടുമ്പോഴുള്ള നവംബർ മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. അമേരിക്കൻ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് യുഎസ് ഇലക്ടറൽ കോളേജാണ്. ഇലക്ടറൽ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അമേരിക്കൻ വോട്ടർമാരാണ്. ഇലക്ടറൽ കോളേജിൽ ഏതെങ്കിലും പ്രസിഡന്റ് സ്ഥാനാർത്ഥിക്കും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കും കേവല ഭൂരിപക്ഷം ലഭിച്ചാൽ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും.
ഒരു സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ അമേരിക്കയുടെ ജനപ്രാതിനിധ്യ സഭയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സെനറ്റാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.
അതായത്, കൂടുതൽ വോട്ടുകൾ നേടിയാലും ഇലക്ടറൽ കോളേജിൽ കേവല ഭൂരിപക്ഷം മറികടക്കാൻ സാധിച്ചില്ലെങ്കിൽ പ്രസിഡന്റാകാൻ സാധിക്കില്ല. 2016ൽ ഹിലരി ക്ലിന്റണേക്കാൾ മൂന്ന് മില്ല്യൺ വോട്ടുകൾക്ക് പിന്നിലായെങ്കിലും, പ്രസിഡന്റായി ട്രമ്പ് തിരഞ്ഞെടുക്കപ്പെട്ടത് ഇക്കാരണത്താലാണ്. അമേരിക്കയുടെ ചരിത്രത്തിൽ അഞ്ച് തവണ, കൂടുതൽ വോട്ട് നേടിയിട്ടും ഇലക്ടറൽ കോളേജിൽ പരാജയപ്പെട്ടതിനാൽ സ്ഥാനാർത്ഥികൾക്ക് പ്രസിഡന്റ് പദവി നഷ്ടമായിട്ടുണ്ട്.
അവസാന സർവേ ഫലങ്ങൾ: നവംബർ 4ന് എൻബിസി ന്യൂസും എമേഴ്സൺ കോളേജും നടത്തിയ സർവേയിൽ ഇരു സ്ഥാനാർത്ഥികളും 49 ശതമാനം വോട്ടുകൾ വീതം നേടി തുല്യത പാലിക്കും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കമല ഹാരിസിന് ട്രമ്പിനേക്കാൾ മൂന്ന് ശതമാനം വോട്ടുകളുടെ നേരിയ ഭൂരിപക്ഷമാണ് ഇപ്സോസ് പ്രോജക്ട്സ് പ്രവചിക്കുന്നത്. എന്നാൽ അറ്റ്ലസ് ഇന്റൽ ട്രമ്പിന് രണ്ട് ശതമാനത്തിന്റെ മുൻതൂക്കം പ്രവചിക്കുന്നു.
13 സ്റ്റേറ്റുകളിലെയും ഗവർണർമാരെയും അമേരിക്കൻ കോൺഗ്രസിലെ ഉപരിസഭയിലെയും അധോസഭയിലെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പും നവംബർ 5നാണ് നടക്കുക.