ലണ്ടന്‍ : ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഹിന്ദുക്കള്‍ നേരിടുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ‘അടിയന്തര’ വിഷയമായി ചര്‍ച്ചചെയ്തു. .
ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടിയന്തര സമ്മേളനം വിളിക്കണമെന്ന് ലേബര്‍ പാര്‍ട്ടി എംപി ബാരി ഗാര്‍ഡിനര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തില്‍ ബ്രിട്ടന് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇന്തോ-പസഫിക് മേഖലയുടെ വിദേശകാര്യ ഓഫീസ് ചുമതലയുള്ള കാതറിന് വെസ്റ്റ് സഭയെ അറിയിച്ചു.
കഴിഞ്ഞ മാസം ബംഗ്ലാദേശ് സന്ദര്‍ശിക്കുകയും രാജ്യത്തെ ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി അവര്‍ പറഞ്ഞു. വിഷയം ആദ്യം ഉന്നയിച്ച രാജ്യങ്ങളില്‍ ഒന്നാണ് യുകെയെന്നും ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് വാക്കാലുള്ള ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഹിന്ദു ന്യൂനപക്ഷത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഹിന്ദു സന്യാസിമാര്‍ക്കെതിരെ നടത്തുന്ന മതപരമായ അടിച്ചമര്‍ത്തലിനെ രൂക്ഷമായി വിമര്‍ശിച്ചു
ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഏറെ ആശങ്കാജനകമാണെന്ന് ഷാഡോ സ്റ്റേറ്റ് ഫോറിന് അഫയേഴ്സ് സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ പ്രീതി പട്ടേല്‍ പറഞ്ഞു. ഹിന്ദു ആചാര്യന് ചിന്മയ് കൃഷ്ണ ദാസിനെ മോചിപ്പിക്കുന്നതിനെക്കുറിച്ച് എന്താണ് ചെയ്യുന്നതെന്ന് അന്വേഷിക്കാന്‍ പ്രീതി പട്ടേല്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലണ്ടനിലെ ബ്രെന്റ് വെസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ബാരി ഗാര്‍ഡിനര്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ സംഘര്ഷാത്മകം എന്നാണ് വിശേഷിപ്പിച്ചത്.