ഇസ്ലാമാബാദ് ; പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിർത്തിവച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം . പച്ച പാസ്പോർട്ട് ഉപയോഗിക്കുന്ന സാധാരണ പാകിസ്ഥാനികൾക്ക് ഇനി യുഎഇ വിസ ലഭിക്കില്ലെന്നും അഡീഷണൽ ഇന്റീരിയർ സെക്രട്ടറി സൽമാൻ ചൗധരി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർക്കും നയതന്ത്ര പാസ്പോർട്ട് ഉടമകൾക്കും മാത്രമായി നീക്കിവച്ചിരിക്കുന്ന നീല പാസ്പോർട്ടുകളിലേക്ക് വിസ നൽകുന്നത് യുഎഇ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. പാകിസ്ഥാൻ പൗരന്മാർ യുഎഇയിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന ആശങ്ക മൂലമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് . സമീപ മാസങ്ങളിൽ പാകിസ്ഥാൻ പൗരന്മാർക്ക് യുഎഇ വളരെ കുറച്ച് വിസകൾ മാത്രമേ നൽകിയിട്ടുള്ളൂവെന്ന് മനുഷ്യാവകാശങ്ങൾക്കായുള്ള സെനറ്റ് ഫംഗ്ഷണൽ കമ്മിറ്റി ചെയർപേഴ്സൺ സെനറ്റർ സമീന മുംതാസ് സെഹ്രി പറഞ്ഞു.
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പാകിസ്ഥാൻ പൗരന്മാർ ഈ വർഷം ആവർത്തിച്ച് വിസ നിയന്ത്രണങ്ങൾ നേരിട്ടു. ഈ വർഷം ജൂലൈയിൽ, നിരവധി വിസ നിയന്ത്രണ കേസുകൾക്ക് ശേഷം പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി യുഎഇ അധികൃതരോട് ഈ വിഷയം ഉന്നയിച്ചു. തുടർന്ന് വിസ അനുമതികൾ വേഗത്തിലാക്കുമെന്ന് യുഎഇ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പാകിസ്ഥാന് ഉറപ്പ് നൽകി. ഈ വർഷം ഏപ്രിലിൽ, വിസ പ്രശ്നങ്ങൾ പരിഹരിച്ചതായും പാകിസ്ഥാനികൾക്ക് അഞ്ച് വർഷത്തെ വിസയ്ക്ക് അർഹതയുണ്ടെന്നും യുഎഇ അംബാസഡർ പറഞ്ഞിരുന്നു. എന്നാൽ ഇത് പ്രാബല്യത്തിൽ വന്നിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

