ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ് . അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള ശക്തികൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം തുർക്കിയും ചൈനയും ഉൾപ്പെടെയുള്ളവർ പാകിസ്ഥാനോട് മൃദുസമീപനം പുലർത്തുകയും ചെയ്യുന്നു.
ചൈനയിൽ നിന്നും തുർക്കിയിൽ നിന്നും പാക്കിസ്ഥാൻ അത്യാധുനിക ആയുധങ്ങൾ കൈപ്പറ്റിയതായാണ് റിപ്പോർട്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ചൈന പാക്കിസ്ഥാന് ആയുധങ്ങളും ദീർഘദൂര മിസൈലുകളും നൽകിയതായും സൂചനകളുണ്ട്. പാകിസ്ഥാൻ സൈന്യം പുറത്തിറക്കിയ ഏറ്റവും പുതിയ ജെഎഫ്-17 ബ്ലോക്ക് III ഫൈറ്റർ ജെറ്റുകളിൽ ചൈനയുടെ PL-15 ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നു, ഇതിന് 200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. സൈനിക ഉപകരണങ്ങളുമായി തുർക്കി വ്യോമസേനയുടെ സി-130 ഹെർക്കുലീസ് സൈനിക വിമാനം ഞായറാഴ്ച കറാച്ചിയിലെത്തി.
ആറ് തുർക്കി യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിലെ സൈനിക താവളത്തിൽ ഇറങ്ങിയതായും റിപ്പോർട്ടുണ്ട്.ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള സംഘർഷം രൂക്ഷമായതും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പാകിസ്ഥാന് പ്രതിരോധ ശേഷിയില്ലാത്തതും കണക്കിലെടുത്ത് തുർക്കി പാക്കിസ്ഥാൻ്റെ സഹായത്തിനെത്തിയതാണ് . തുർക്കിയും പാകിസ്ഥാനും സൈനിക സാമഗ്രികളുടെ കൈമാറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കയറ്റുമതിയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന് ഡ്രോണുകൾ ഉൾപ്പെടെയുള്ള സൈനിക സഹായം തുർക്കി നേരത്തെ തന്നെ നൽകിയിട്ടുണ്ട്.

