വാഷിംഗ്ടൺ : ഡോൺബാസിന്റെ മുഴുവൻ ഭാഗവും, റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ പോലും, സെലെൻസ്കി റഷ്യയ്ക്ക് കൈമാറിയാൽ, മേഖലയിൽ ഉടനടി സമാധാനം വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പുടിനുമായുള്ള ചർച്ചകൾക്ക് ശേഷം ഡൊണാൾഡ് ട്രംപ് യൂറോപ്യൻ നേതാക്കളെ വിളിച്ച് യുക്രെയ്നിൽ സമാധാനം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതായും ട്രംപ് പറഞ്ഞു. റഷ്യ വളരെ വലിയ ശക്തിയാണ്, എന്നാൽ യുക്രെയ്ൻ അങ്ങനെയല്ലെന്നാണ് ട്രമ്പ് പറയുന്നത് .
എന്നാൽ സെലെൻസ്കി ഈ ആവശ്യം നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ . ഇതിനോടകം തന്നെ ഡോൺബാസിന്റെ മുക്കാൽ ഭാഗവും ഉൾപ്പെടെ യുക്രെയ്നിന്റെ അഞ്ചിലൊന്ന് ഭാഗവും റഷ്യൻ കൈകളിലാണ് . നാളെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി ട്രമ്പ് ഈ വിഷയം ചർച്ച ചെയ്യും. ഈ യോഗത്തിലേക്ക് യൂറോപ്യൻ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ റഷ്യയ്ക്ക് ഭൂമി നൽകുന്നതിനെ സെലെൻസ്കിയും യൂറോപ്യൻ നേതാക്കളും ശക്തമായി എതിർത്തിട്ടുണ്ട് . റഷ്യയ്ക്ക് ഭൂമി നൽകുന്ന ഒരു കരാറിനോടും ഞങ്ങൾക്ക് യോജിക്കാൻ കഴിയില്ലെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. അത്തരത്തിലുള്ള നീക്കം യുക്രേനിയൻ ഭരണഘടനയുടെ ലംഘനമാണെന്നും അവർ പറയുന്നു. . റഷ്യയ്ക്ക് ഭൂമി നൽകുന്ന കരാറിന് പകരമായി, യുക്രെയ്നിന്റെ ബാക്കി ഭാഗങ്ങളിൽ വെടിനിർത്തൽ വാഗ്ദാനം ചെയ്തിരിക്കുകയാണ് പുടിൻ. യുക്രെയ്നിനെയോ മറ്റൊരു യൂറോപ്യൻ രാജ്യത്തെയോ ഇനി ആക്രമിക്കില്ലെന്ന് പുടിൻ രേഖാമൂലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
തങ്ങളുടെ പ്രദേശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് യുക്രെയ്നാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്താരാഷ്ട്ര അതിർത്തികൾ ബലപ്രയോഗത്തിലൂടെ മാറ്റരുതെന്നും അവർ പറഞ്ഞു. റഷ്യയ്ക്കെതിരായ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചോ സാമ്പത്തിക സമ്മർദ്ദത്തെക്കുറിച്ചോ ട്രംപ് സംഭാഷണത്തിനിടെ പരാമർശിച്ചില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം യുദ്ധം അവസാനിക്കുന്നതുവരെ റഷ്യയ്ക്കെതിരായ ഉപരോധങ്ങളും സാമ്പത്തിക സമ്മർദ്ദവും തുടരുമെന്നാണ് യൂറോപ്യൻ നേതാക്കൾ പറയുന്നത്.

