ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിൽ വൻ ട്രെയിൻ അപകടം . പതിനൊന്ന് റെയിൽവേ തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുൻമിങ്ങിലെ ലുയാങ്ഷെൻ റെയിൽവേ സ്റ്റേഷന് സമീപം രാത്രിയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത് . ചരക്ക് ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് ചൈന റെയിൽവേ കുൻമിംഗ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് അറിയിച്ചു.
പുലർച്ചെ 4:30 ഓടെയാണ് അപകടം നടന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 ജീവനക്കാരെ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ പ്രോട്ടോക്കോൾ ലംഘനവും സിഗ്നലിംഗ് പരാജയവുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. അപകടം നടന്ന് , ലുവാങ്ഷെൻ സ്റ്റേഷനിലെ ട്രെയിൻ പ്രവർത്തനങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ചതായും പാസഞ്ചർ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

