ടെഹ്റാൻ : രണ്ട് ദിവസം മുൻപാണ് നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് പാകിസ്ഥാൻ ശുപാർശ ചെയ്തത് . 24 മണിക്കൂർ കഴിയും മുൻപ് തന്നെ ട്രമ്പിന്റെ നിർദേശപ്രകാരം ഇറാനിൽ യുഎസ് സൈന്യം ആക്രമണവും നടത്തി . അതുകൊണ്ട് തന്നെ നോബലിന് ട്രമ്പിന്റെ പേര് ശുപാർശ ചെയ്തത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനിലെ ഉന്നത മതനേതാക്കൾ.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ നടത്തിയ ഡൊണാൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് ഈ അഭിമാനകരമായ അവാർഡിന് ശുപാർശ ചെയ്യുമെന്നയിരുന്നു പാക് സർക്കാർ പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഒപ്പിട്ട ശുപാർശ കത്ത് നോർവേയിലെ സമാധാന നോബൽ സമ്മാന സമിതിക്ക് അയച്ചിട്ടുമുണ്ട് . എന്നാൽ ഇറാനിലെ ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചതിന് ശേഷം ഈ തീരുമാനത്തെക്കുറിച്ച് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്.
പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് ചില പ്രമുഖ രാഷ്ട്രീയക്കാർ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം . ജംഇയ്യത്ത് ഉലമ-ഇ-ഇസ്ലാമിന്റെ (ജെയുഐ-എഫ്) പ്രമുഖ മുതിർന്ന നേതാവായ മൗലാന ഫസ്ലുർ റഹ്മാൻ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
“പ്രസിഡന്റ് ട്രംപിന്റെ സമാധാന അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്; നോബൽ സമ്മാന നിർദ്ദേശം പിൻവലിക്കണം,” ഞായറാഴ്ച പാർട്ടി യോഗത്തിൽ ഫസൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ഡൊണാൾഡ് ട്രംപ് അടുത്തിടെ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയതും ഉച്ചഭക്ഷണം കഴിച്ചതും പാകിസ്ഥാൻ ഭരണാധികാരികളെ വളരെയധികം സന്തോഷിപ്പിച്ചു. അതിനു പിന്നാലെ അദ്ദേഹത്തെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു.
ട്രംപ് പലസ്തീൻ, സിറിയ, ലെബനൻ, ഇറാൻ എന്നിവയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഇതെങ്ങനെ സമാധാനത്തിന്റെ അടയാളമാകും?’ ‘അഫ്ഗാനികളുടെയും പലസ്തീനികളുടെയും രക്തം അമേരിക്കയുടെ കൈകളിലുണ്ടെങ്കിൽ, സമാധാനത്തിന്റെ പിന്തുണക്കാരനാണെന്ന് അവർക്ക് എങ്ങനെ അവകാശപ്പെടാൻ കഴിയും?’ ഫസൽ ചോദിച്ചു.
“ട്രംപ് ഇനി ഒരു സമാധാന നിർമ്മാതാവല്ല, മറിച്ച് മനഃപൂർവ്വം നിയമവിരുദ്ധ യുദ്ധം നടത്തിയ നേതാവാണ്, അതിനാൽ പാകിസ്ഥാൻ സർക്കാർ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് നൊബേൽ സമ്മാനത്തിനായി ശുപാർശ ചെയ്യുന്നത് പുനഃപരിശോധിക്കുകയും റദ്ദാക്കുകയും വേണം “ എന്നാണ് മുൻ സെനറ്റർ മുഷാഹിദ് ഹുസൈൻ പറഞ്ഞത് .
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ഇസ്രായേലിന്റെ “യുദ്ധ ലോബിയുടെയും” കെണിയിൽ ട്രംപ് വീണുപോയെന്നും, തന്റെ പ്രസിഡന്റ് കാലത്തെ ഏറ്റവും വലിയ തെറ്റാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഷാഹിദ് ഹുസൈൻ പറഞ്ഞു. “സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി അദ്ദേഹത്തിന്റെ (ട്രംപിന്റെ) പേര് ശുപാർശ ചെയ്തത് പാകിസ്ഥാൻ പിൻവലിക്കുമോ?” എന്നാണ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഫാത്തിമ ഭൂട്ടോ ചോദിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ പങ്ക് ചേർന്ന് യുഎസ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിച്ചത് . ആക്രമണം വിജയകരമായിരുന്നുവെന്നും , ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് സാധ്യമാകില്ലെന്നുമാണ് ആക്രമണത്തിനു ശേഷം ഡൊണാൾഡ് ട്രംപ് പറഞ്ഞത് .

