കാബൂൾ: സ്ത്രീകളുടെ പൊതുജീവിതവും സാമൂഹിക ജീവിതവും പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്ന വിചിത്ര ഉത്തരവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. സ്ത്രീകളുടെ ഒച്ച പൊതു ഇടങ്ങളിൽ കേൾക്കാൻ പാടില്ല എന്നാണ് താലിബാന്റെ പുതിയ ഉത്തരവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ സദാചാര വകുപ്പ് മന്ത്രി ഖാലിദ് ഹനാഫിയുടേതാണ് വിവാദ ഉത്തരവ്. പ്രായപൂർത്തിയായ ഒരു സ്ത്രീ പ്രാർത്ഥിക്കുന്ന ഒച്ച പോലും മറ്റൊരു സ്ത്രീയാണെങ്കിൽ കൂടി കേൾക്കാൻ പാടില്ല. തക്ബീർ മുഴക്കാനോ പാട്ട് പാടാനോ അവർക്ക് അവകാശമില്ലെന്നും ഹനാഫി വ്യക്തമാക്കി.
അതേസമയം പരസ്പരം സംസാരിക്കുന്നതിൽ നിന്ന് പോലും സ്ത്രീകളെ വിലക്കുന്ന താലിബാന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ രക്ഷയ്ക്ക് വേണ്ടി എത്രയും വേഗം അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തണമെന്ന് ആമ്നെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെടുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രതീകമാണെന്ന് അടുത്തയിടെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയിരുന്നു. 1919ൽ തന്നെ സ്ത്രീകൾക്ക് വോട്ടവകാശവും 1921ൽ പെൺകുട്ടികൾക്ക് വേണ്ടി സ്കൂളുകളും തുറന്ന ഒരു രാജ്യമാണ് ഇന്ന് മതാന്ധ ഭരണകൂടത്തിന്റെ ഭീകരത നിമിത്തം ഈ ദുരവസ്ഥയിൽ എത്തി നിൽക്കുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് വ്യക്തമാക്കുന്നു.