ദമാസ്കസ്: സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ച് വിമതർ. ദേശീയ ചാനലിലൂടെ നടത്തിയ അഭിസംബോധനയിലാണ് ദമാസ്കസ് പിടിച്ചെടുത്തതായി വിമത നേതാക്കൾ അവകാശപ്പെട്ടത്. 50 വർഷം നീണ്ടു നിന്ന കുടുംബവാഴ്ചയ്ക്ക് അറുതി വരുത്തിയതായും വിമതർ അവകാശപ്പെട്ടു.
ദമാസ്കസിൽ നിന്നും സൈന്യം പൂർണമായും പിൻവാങ്ങിയതോടെ, പ്രസിഡന്റ് ബാഷർ അൽ അസദ് ഒളിവിൽ പോയി. അസദ് രാജ്യം വിട്ടതായാണ് സൂചന. അതേസമയം, പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഭീകരവാദികളെ തുരത്താൻ ഇപ്പോഴും തങ്ങൾ തീവ്രമായ പരിശ്രമം തുടരുകയാണെന്നും സിറിയൻ സൈനിക വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.
എത്രയും വേഗം സെദ്നയാ തടവറ തുറക്കുമെന്നും തടവുപുള്ളികളെ മോചിപ്പിക്കുമെന്നും വിമതർ വ്യക്തമാക്കി. വിമതരെ പിന്തുണയ്ക്കുന്ന ജനക്കൂട്ടം ദമാസ്കസിലെ പ്രധാന ചത്വരത്തിന് താഴെ വാഹനങ്ങളിലും കാൽനടയായും ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പുറത്തുവിട്ടു.
സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ വീഴ്ച റഷ്യക്കും ഇറാനും ഒരേ പോലെ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തൽ. അസദ് ഭരണകൂടത്തിന്റെ കടുത്ത വിമർശകരായ പാശ്ചാത്യ രാജ്യങ്ങൾ ഈ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണും എന്നതും ശ്രദ്ധേയമാണ്.
ആഗോള ഭീകര സംഘടനയായ ഹയാത്ത് തഹ്രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സിറിയയിൽ കലാപം അരങ്ങേറിയത്. അൽ ഖ്വായ്ദ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ് ഹയാത്ത് തഹ്രീർ അൽ ഷാം.