കോട്ടയം: വിമർശനം ഉന്നയിച്ച ബിജെപി നേതാവ് പി സി ജോർജിന് പരോക്ഷമായ മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . ഭീഷണിയുടെ സ്വരം ഇവിടെ നടക്കില്ലെന്നും, പൊതുജീവിതത്തിലുള്ള ആളുകൾ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും മാന്യതയുടെ പരിധി ലംഘിക്കാറുണ്ടെന്നും കല്ലറങ്ങാട്ട് പറഞ്ഞു. വെറും കൈയ്യടിക്കോ സംസ്കാരമില്ലാത്ത സെൻസേഷണൽ ചാനൽ ഭാഷ സൃഷ്ടിക്കാനോ വേണ്ടിയല്ല ഇത്തരം പ്രസ്താവനകൾ നടത്തേണ്ടതെന്നും കല്ലറങ്ങാട്ട് പറഞ്ഞു.
‘ബിഷപ്പുമാരും പുരോഹിതന്മാരും നിഷ്പക്ഷത പാലിക്കണമെന്ന് പറയാനാവില്ല. പൊതുജീവിതത്തിലുള്ള ആളുകൾ മതനേതാക്കളെക്കുറിച്ച് എന്തും പറയുന്നു. വിമർശനം മാന്യമായ ഭാഷയിലായിരിക്കണം. രഹസ്യമായിട്ടല്ല, പരസ്യമായി വോട്ട് തേടാൻ സഭയ്ക്ക് അവകാശമുണ്ട്.
മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പൊതുജനങ്ങൾ മാന്യതയുടെ അതിരുകൾ ലംഘിക്കുന്നത് ഈ രാജ്യത്ത് സാധാരണമായി മാറിയിരിക്കുന്നു. ആരുടെയും പേര് പറയാതെ പോലും, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും‘ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
‘ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്നവർ സ്വന്തം വ്യക്തിത്വത്തിന് നിരക്കാത്ത രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് തെറ്റായ സമീപനമാണ്. പുരോഹിതന്മാരും ബിഷപ്പുമാരും എപ്പോഴും നിഷ്പക്ഷരും നിശബ്ദരുമായിരിക്കണമെന്ന് പറയാൻ ഒരു ജനാധിപത്യ രാജ്യത്ത് സാധ്യമല്ല. എപ്പോഴും നിഷ്പക്ഷത പാലിക്കുക എന്നതിനർത്ഥം അപ്രസക്തരായിരിക്കുക എന്നാണ്.
ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള ഈ സഭയെ മൂലയ്ക്ക് ഇരുത്താമെന്നോ, സഭ മിണ്ടാപ്രാണികളായി ന്യൂട്രൽ ആയിരിക്കണമെന്നോ ആരും കരുതേണ്ടതില്ല . ആർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന് വ്യക്തമല്ല, മെത്രാന്മാർ നിശബ്ദരായിരിക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ല .
സഭയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിന്, ജനങ്ങളോട് സത്യം പറയാൻ നമുക്ക് അവകാശമുണ്ട്. വോട്ട് രഹസ്യമായി ചർച്ച ചെയ്യേണ്ട ഒന്നല്ല. വോട്ട് ചോദിക്കാനും നിലപാട് പരസ്യമായി പ്രകടിപ്പിക്കാനും സഭയ്ക്ക് അവകാശമുണ്ട്. ജനങ്ങളുടെ മുന്നിൽ സത്യം അവതരിപ്പിക്കാൻ ഭയപ്പെടേണ്ടതില്ല,’ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

