സ്വീഡിഷ് നഗരമായ ഒറെബ്രോയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ പോലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സ്വീഡനിലെ ഒറെബ്രോയിലുള്ള കാമ്പസ് റിസ്ബെർഗ്സ്ക സ്കൂളിലാണ് വെടിവയ്പ്പ് നടന്നത് . വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത്. പരീക്ഷകൾ ആയതിനാൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് അവിടെ വിദ്യാർത്ഥികൾ കുറവായിരുന്നു.
അന്വേഷണത്തിനും സുരക്ഷാ പ്രവർത്തനങ്ങൾക്കും ഒരു തടസ്സവും ഉണ്ടാകാതിരിക്കാൻ സ്കൂളിന് സമീപം പോകരുതെന്ന് പോലീസ് പ്രദേശവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊതുവെ ശാന്തവും സുരക്ഷിതവുമായ സ്ഥലമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് ഒറെബ്രോ നഗരം . സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ നഗരം
നാശനഷ്ടങ്ങൾ വളരെ കൂടുതലായതിനാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് ഒറെബ്രോയിലെ പ്രാദേശിക പോലീസ് മേധാവി റോബർട്ടോ ഫോറസ്റ്റ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഇത് ഒരു ഭീകരാക്രമണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഏതെങ്കിലും സംഘടനയുമായുള്ള ബന്ധവും ഇതുവരെ വെളിപ്പെട്ടിട്ടില്ല.