പെഷവാർ: പാകിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെടുകയും 56 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള കോഹാറ്റ് ജില്ലയിലെ പള്ളിയിലാണ് സംഭവം . പരിക്കേറ്റവരിൽ ഭൂരിഭാഗവും പ്രാർത്ഥനയ്ക്കായി പള്ളിയിലെത്തിയ വിശ്വാസികളാണ്. ഇവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നു.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പള്ളിയിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. പോലീസ് ആസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സായുധ ആക്രമണകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ അഞ്ച് പോലീസുകാരും 10 നാട്ടുകാരും ഉൾപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആക്രമണകാരികളിൽ ഒരാൾ കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. ഹാംഗു ജില്ലയിൽ സുരക്ഷാ സേനയുടെ വാഹനവ്യൂഹം ലക്ഷ്യമാക്കി റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറ് സൈനികർ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ഈ ആക്രമണം നടന്നത്. വിവിധയിടങ്ങളിൽ സുരക്ഷാ സേന നടത്തിയ റെയ്ഡിൽ പാകിസ്ഥാൻ താലിബാനിലെ 10 ഭീകരർ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച സൈന്യവും പോലീസും അറിയിച്ചിരുന്നു.
ഖൈബർ പഖ്തൂൺഖ്വയ്ക്ക് അഫ്ഗാനിസ്ഥാനുമായി അതിർത്തിയുണ്ട്. അഫ്ഗാൻ താലിബാനുമായി ബന്ധമുള്ള പാകിസ്ഥാൻ താലിബാൻ, കുറച്ചുകാലമായി പാകിസ്ഥാനിലെ പോലീസുകാരെയും സാധാരണക്കാരെയും ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തിവരികയാണ്. ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, അഫ്ഗാൻ അധികൃതർ ഈ ആരോപണം നിഷേധിച്ചു. 2023-ൽ ഖൈബർ പഖ്തൂൺഖ്വയുടെ തലസ്ഥാനമായ പെഷവാറിലെ ഒരു പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 101 പേർ കൊല്ലപ്പെട്ടിരുന്നു.

