ബാങ്കോക്ക്: സെൻട്രൽ മ്യാൻമറിൽ ശക്തമായ ഭൂചലനം . 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തലസ്ഥാനമായ നയ്പിഡാവിലെ റോഡുകൾ തകർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ചൈനയിലും തായ്ലൻഡിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം 16 കിലോമീറ്റർ (10 മൈൽ) വടക്ക് പടിഞ്ഞാറ് സാഗ നഗരത്തിലാണ് . ബാങ്കോക്കിൽ ചില മെട്രോ, ലൈറ്റ് റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ബാങ്കോക്ക് പ്രദേശത്ത് 17 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. അതിൽ ഭൂരിഭാഗംപേരും ഉയർന്ന പ്രദേശങ്ങളിലുള്ള അപ്പാർട്ടുമെന്റുകളിലാണ് താമസിക്കുന്നത്.കെട്ടിടങ്ങൾ കുലുങ്ങിയതിനാൽ താമസക്കാർ തെരുവുകളിലേക്ക് ഓടി.
ശക്തമായ ഭൂകമ്പത്തെത്തുടർന്ന് തെക്കൻ ദ്വീപായ ഫുക്കറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം തടസ്സപ്പെട്ടതായി തായ് പ്രധാനമന്ത്രി പറ്റോങ്ടർൻ ഷിനവത്ര പറഞ്ഞു.ചൈനയുടെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ഭൂചലനം അനുഭവപ്പെട്ടതായി ബെയ്ജിംഗിലെ ഭൂകമ്പ ഏജൻസി അറിയിച്ചു, ഭൂചലനത്തിൻ്റെ തീവ്രത 7.9 ആണ്.
മ്യാൻമറിൽ ഭൂകമ്പങ്ങൾ താരതമ്യേന സാധാരണമാണ്, 1930 നും 1956 നും ഇടയിൽ 7.0 തീവ്രതയോ അതിൽ കൂടുതലോ ഉള്ള ആറ് ശക്തമായ ഭൂകമ്പങ്ങൾ രാജ്യത്ത് ഉണ്ടായി