ചെന്നൈ: പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ചിത്രത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം . കേരളത്തിൽ സിനിമയിലെ ഹിന്ദു വിരുദ്ധ ആശയങ്ങളിൽ അസ്വസ്ഥരായ വലതുപക്ഷ ഗ്രൂപ്പുകളെ സമാധാനിപ്പിക്കാനുള്ള തിരക്കിലാണ് നിർമ്മാതാക്കൾ, അതിനിടെയാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ഉയരുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നത്തെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നാരോപിച്ച് പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷനും തമിഴ്ഗ വാഴ്വുരിമൈ കച്ചിയുമാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ നിന്ന് അണക്കെട്ടുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാണ് ഇരുകൂട്ടരുടെയും ആവശ്യം. പ്രതിഷേധത്തിൻ്റെ ഭാഗമായി ഗോകുലം ഗോപാലൻ്റെ കമ്പത്തെ ധനകാര്യ സ്ഥാപനം ഉപരോധിക്കാനും കർഷകസംഘം പദ്ധതിയിടുന്നുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാടിൻ്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് സിനിമ അവതരിപ്പിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം. സിനിമ വസ്തുതകളെ വളച്ചൊടിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അവർ അവകാശപ്പെടുന്നു. ഇതിന് മറുപടിയായാണ് സിനിമ ബഹിഷ്കരിക്കാൻ അവർ ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നും വിവാദത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.