ക്വറ്റ: തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടു . പാകിസ്ഥാനിലെ ചൈനീസ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആസ്ഥാനമായ ഗ്വാദർ ജില്ലയിലെ തീരദേശ പട്ടണമായ പാസ്നിയിലാണ് സംഭവം.പാസഞ്ചർ ബസുകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ച് രണ്ടിടങ്ങളിലായാണ് ആക്രമണങ്ങൾ നടന്നത് .
സംഭവത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. ബലൂചുകളല്ലാത്തവരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പ്രധാന ഹൈവേകളുടെ നിയന്ത്രണം ഏറ്റെടുത്ത് പോസ്റ്റുകൾ സ്ഥാപിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ആക്രമണം ഭീരുത്വവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി പ്രസ്താവനയിൽ പറഞ്ഞു.വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാർക്കറ്റിൽ പോലീസ് വാഹനത്തിന് സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.