ധാക്ക ; ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന . ബംഗ്ലാദേശിനെ അമേരിക്കയ്ക്ക് വിൽക്കാൻ ശ്രമിക്കുകയാണ് യൂനുസെന്ന് ഷെയ്ഖ് ഹസീന പറയുന്നു. തീവ്രവാദികളുടെ സഹായത്തോടെയാണ് യൂനുസ് ബംഗ്ലാദേശിൽ അധികാരം പിടിച്ചെടുത്തതെന്നും ഈ തീവ്രവാദ സംഘടനകളിൽ പലതും അന്താരാഷ്ട്ര തലത്തിൽ നിരോധിച്ചിട്ടുണ്ടെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
അധികാരത്തിലെത്താൻ യൂനുസ് നിരോധിത ഭീകര സംഘടനയുടെ സഹായം തേടിയെന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ‘ ഒരൊറ്റ ഭീകരാക്രമണത്തിന് ശേഷം ഞങ്ങൾ കർശന നടപടി സ്വീകരിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തു. എന്നാൽ ഇപ്പോൾ ബംഗ്ലാദേശിലെ ജയിലുകൾ ശൂന്യമാണ്. ഉബാസ് എല്ലാവരെയും വിട്ടയച്ചെന്നും, ഇപ്പോൾ ആ തീവ്രവാദികൾ ബംഗ്ലാദേശ് ഭരിക്കുകയാണെന്നും ‘ ഹസീന പറയുന്നു.
നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്ത ഈ തീവ്രവാദ നേതാവിന് ഭരണഘടനയിൽ തൊടാനുള്ള അവകാശം ആരാണ് നൽകിയത്? അവർക്ക് ജനങ്ങളിൽ ഒരു അധികാരവുമില്ല, ഭരണഘടനാപരമായ അടിത്തറയുമില്ല. മുഖ്യ ഉപദേഷ്ടാവ് സ്ഥാനം വഹിക്കാൻ യൂനുസിന് ഒരു യോഗ്യതയുമില്ലെന്നും ഹസീന പറഞ്ഞു.
അതേസമയം ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നീക്കം ചെയ്യാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഡിസംബറോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സൈന്യവും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനോ മറ്റേതെങ്കിലും വിഷയത്തിലോ അനാവശ്യ സമ്മർദ്ദം ചെലുത്തിയാൽ, പൊതുജനങ്ങൾക്കൊപ്പം ചേർന്ന് നടപടി എടുക്കുമെന്നാണ് മുഹമ്മദ് യൂനുസ് പറയുന്നത് .

