അങ്കാറ : ലിബിയൻ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അലി-ഹദ്ദാദ് തുർക്കിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഫാൽക്കൺ 50 ബിസിനസ് ജെറ്റ് അങ്കാറ എസെൻബോഗ വിമാനത്താവളത്തിൽ നിന്ന് രാത്രി 8.52 ഓടെ (പ്രാദേശിക സമയം) പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ബന്ധം നഷ്ടപ്പെട്ടതായി തുർക്കി അധികൃതർ അറിയിച്ചു.
അങ്കാറയിൽ നിന്ന് ഏകദേശം 50 മൈൽ തെക്ക് പടിഞ്ഞാറ് മാറി ഹെയ്മാന ജില്ലയ്ക്ക് സമീപം വിമാനം അടിയന്തര ലാൻഡിംഗ് അറിയിപ്പ് അയച്ചതിന് പിന്നാലെ ബന്ധം നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. അലി അൽ-ഹദ്ദാദിനെ കൂടാതെ, വിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് ഉദ്യോഗസ്ഥരും മൂന്ന് ഫ്ലൈറ്റ് ക്രൂ അംഗങ്ങളും അപകടത്തിൽ മരിച്ചു
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതതല പ്രതിരോധ ചർച്ചകൾക്കായി ലിബിയൻ പ്രതിനിധി സംഘം തുർക്കിയിലായിരുന്നു. മുഹമ്മദ് അലിയും സംഘവും ചർച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾഹമീദ് ദ്ബൈബ അറിയിച്ചു.
അങ്കാറ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ഏകദേശം 42 മിനിറ്റിനുശേഷം ബിസിനസ് ജെറ്റിന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.പിന്നീട് അങ്കാറയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടുണ്ട്.

