മോസ്കോ : നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചെന്ന വാർത്ത തള്ളി റഷ്യ . യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് പുടിനുമായി സംസാരിച്ചെന്നായിരുന്നു വാർത്തകൾ . കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് അഭ്യർത്ഥിച്ചതായും വാർത്തകൾ വന്നിരുന്നു.
എന്നാൽ റഷ്യൽ പ്രസിഡൻഷ്യൽ ഓഫീസ് ക്രെംലിൻ ആണ് ഈ വാർത്ത നിഷേധിച്ചത് .പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകളാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തള്ളിയത്. ഇതൊക്കെ വെറും സാങ്കൽപ്പികങ്ങളും , നുണകളും ആണെന്നും ഇത്തരത്തിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാർത്തകൾ നൽകിയ മാദ്ധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു.
ഫ്ളോറിഡയിലെ മാർ ല ലാഗോയിൽ നിന്നാണ് ട്രംപ് പുടിനെ വിളിച്ചതെന്നായിരുന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്നും, ഇതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. 25 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചതായും, ഇലോൺ മസ്കും ഈ സംഭാഷണത്തിൽ ഇവർക്കൊപ്പം ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ പുടിനും, ട്രംപും തമ്മിൽ ഭാവി ബന്ധങ്ങൾക്കായി എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ ഇല്ലെന്നും , യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ വിജയം കൈവരിക്കുന്നത് തുടരുന്നുവെന്നുമാണ് പെസ് കോവ് പറഞ്ഞത്. അതേസമയം ജനുവരി 20ന് അധികാരത്തിലേറിയാലുടൻ യുക്രെയ്ന് കഴിയാവുന്ന സഹായങ്ങളെല്ലാം നൽകുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത് .