മോസ്കോ: രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ക്രെമ്ലിനിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- റഷ്യ സഖ്യം തീവ്രശക്തിയുള്ളതാണെന്നും ഒരുമിച്ചുള്ള പ്രയാണം അതുല്യമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഷ്മളമായ ആശംസകൾ രാജ്നാഥ് സിംഗ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉന്നതമായ പർവ്വതത്തേക്കാൾ ഔന്നത്യമുള്ളതും ഏറ്റവും അഗാധമായ സമുദ്രത്തേക്കാൾ ആഴമേറിയതുമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
നേരത്തേ, റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലൂസോവുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമായിരുന്നുവെന്നും ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായതായും രാജ്നാഥ് സിംഗ് വ്യക്തമാക്കി. തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.