ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പക്തിക പ്രവിശ്യയിൽ ബുധനാഴ്ച പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.സംഭവത്തിൽ ആറ് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരിൽ കൂടുതലും കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ്റെ പ്രതിരോധ മന്ത്രാലയം ആക്രമണങ്ങളെ അപലപിച്ചു. അവയെ “ക്രൂരവും” “വ്യക്തമായ ആക്രമണവും” എന്നാണ് താലിബാൻ വിശേഷിപ്പിച്ചത് .“ഇസ്ലാമിക് എമിറേറ്റ് ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് ഉത്തരം നൽകാതെ വിടുകയില്ല, പ്രദേശത്തിൻ്റെയും പരമാധികാരത്തിൻ്റെയും സംരക്ഷണം ഞങ്ങളുടെ അനിഷേധ്യമായ അവകാശമായി കണക്കാക്കുന്നു.” എന്നാണ് താലിബാൻ പ്രസ്താവനയിൽ പറയുന്നത്.
രണ്ടോ മൂന്നോ വീടുകളിൽ ബോംബാക്രമണം ഉണ്ടായതായി ബർമൽ നിവാസിയായ മലീൽ പറഞ്ഞു. ഒരു വീട്ടിൽ, 18 പേർ കൊല്ലപ്പെട്ടു, മറ്റൊരു വീട്ടിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും മലീൽ പറഞ്ഞു.
പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ആക്രമണം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും താലിബാൻ വക്താവ് പറഞ്ഞു.