ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 100 വർഷം പഴക്കമുള്ള ശിവക്ഷേത്രം നിയമവിരുദ്ധമായി അക്രമികൾ കൈവശപ്പെടുത്തിയതായി ഹിന്ദുക്കൾ. ടാൻഡോ ജാം പട്ടണത്തിനടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൈവശപ്പെടുത്തിയശേഷം, ഈ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. വ്യാഴാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇതുമായി ബന്ധപ്പെട്ട ഹിന്ദു വിശ്വാസികളുടെ പ്രതിനിധി പങ്ക് വച്ചിരുന്നു. വീഡിയോയിൽ, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തണമെന്ന് അദ്ദേഹം പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.
“ഈ ക്ഷേത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അക്രമികൾ ഇത് പിടിച്ചെടുത്ത് ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമിയിൽ അനധികൃത നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ശിവക്ഷേത്രത്തിലേക്കുള്ള റോഡും പ്രവേശന കവാടവും തടസ്സപ്പെടുത്തിയിട്ടുണ്ട്.”പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്ന ദാരാവർ ഇത്തേഹാദ് പാകിസ്ഥാൻ എന്ന സംഘടനയുടെ തലവൻ ശിവ കച്ചി പറഞ്ഞു.
കറാച്ചിയിൽ നിന്ന് ഏകദേശം 185 കിലോമീറ്റർ അകലെ ടാൻഡോ ജാം പട്ടണത്തിനടുത്തുള്ള മൂസ ഖാതിയാൻ ഗ്രാമത്തിലാണ് ഈ സ്ഥലം. ശിവക്ഷേത്രത്തിന്റെ നടത്തിപ്പിനും ക്ഷേത്രത്തിന് ചുറ്റുമുള്ള ഏകദേശം നാല് ഏക്കർ ഭൂമിയുടെ പരിപാലനത്തിനും ഒരു കമ്മിറ്റിയെ ഏർപ്പെടുത്തിയിരുന്നു.ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, സിന്ധ് പൈതൃക വകുപ്പിന്റെ ഒരു സംഘം കഴിഞ്ഞ വർഷം ഇത് നവീകരിച്ചിരുന്നു. ക്ഷേത്രത്തിന് സമീപം ഒരു ശ്മശാനവും ഉണ്ട്, അവിടെ ഹിന്ദു സമൂഹത്തിലെ ആളുകളുടെ അന്ത്യകർമങ്ങൾ നടത്താറുണ്ട് . ഇതിനുപുറമെ, എല്ലാ തിങ്കളാഴ്ചയും ക്ഷേത്രത്തിൽ ഭജന-കീർത്തനങ്ങളും മറ്റ് മതപരമായ പരിപാടികളും നടത്താറുണ്ടായിരുന്നു.