സംസ്ഥാന ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ച് ബിജെപി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ഇടത് മുന്നണിയുടെ ഭരണത്തിനാണ് തലസ്ഥാന നഗരിയിൽ തിരശ്ശീല വീഴുന്നത്. 101 അംഗ കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് നടന്ന 100 ഡിവിഷനുകളിൽ 50 ഇടത്ത് വിജയിച്ചാണ് ബിജെപി നയിക്കുന്ന എൻഡിഎ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്നത്. എൽഡിഎഫിന് 29 സീറ്റുകൾ ലഭിച്ചപ്പോൾ 19 സീറ്റുകൾ യുഡിഎഫിന് ലഭിച്ചു. രണ്ടിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ ജയിച്ചു. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
2015ലെ 7 സീറ്റുകളിൽ നിന്നാണ് തിരുവനന്തപുരത്ത് 2020ൽ 35ലേക്കും 2025ൽ 50ലേക്കും ബിജെപി ഉയർന്നത്. ദീർഘവീക്ഷണത്തോടെയുള്ള ചിട്ടയായ സംഘടനാ പ്രവർത്തനവും മികച്ച നേതൃപാടവവും കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള നിർലോഭമായ പിന്തുണയുമാണ് ബിജെപിയെ ഇതിന് പ്രാപ്തമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത്. ആർ എസ് എസ്സിനെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് പാർട്ടി നയരൂപീകരണം നടത്തിയത്. പ്രവർത്തന മികവ് മാത്രം മാനദണ്ഡമാക്കിയാണ് സിറ്റിംഗ് കൗൺസിലർമാരെ പോലും സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചത്.
ദശാബ്ദങ്ങളായി വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും മൂലം പൊറുതിമുട്ടിയ തലസ്ഥാന നിവാസികൾക്ക് മുന്നിൽ വികസനം എന്ന ഒറ്റ അജണ്ടയിലൂന്നിയാണ് ബിജെപി പ്രവർത്തിച്ചത്. വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രോ റെയില്‍ തുടങ്ങിയവയിൽ വ്യക്തമായ പദ്ധതികൾ ബിജെപി അവതരിപ്പിച്ചു. ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ടെത്തി തലസ്ഥാനത്തെ വികസന പദ്ധതികൾക്ക് നേതൃത്വം നൽകുമെന്ന് ഓരോ നേതാക്കളും ആവർത്തിച്ച് പറഞ്ഞത് ജനങ്ങൾ സ്വീകരിക്കുകയായിരുന്നു.
മറുവശത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെ അധികാരം ഏറ്റെടുത്ത ആര്യാ രാജേന്ദ്രന്റെ പ്രവൃത്തികൾ പലപ്പോഴും ഇടത് മുന്നണിക്ക് തന്നെ തലവേദനയായി. കോർപ്പറേഷൻ നിയമനങ്ങളിലെ സ്വജനപക്ഷപാതവും അഴിമതികളും കൃത്യമായി വെളിച്ചത്ത് കൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിച്ചു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളക്കെട്ട്, ആമയിഴഞ്ചാൻ തോടിന്റെ ദുരവസ്ഥ എന്നിവയിൽ ജനങ്ങൾക്കൊപ്പം നിന്ന് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചു. പതിവായി ജലവിതരണം തടസ്സപ്പെടുന്നതും നഗരത്തിലെ സർക്കാർ ആതുരാലയങ്ങളുടെ പരാധീനതകളും അശാസ്ത്രീയമായ മാലിന്യം കൈകാര്യം ചെയ്യലും ഉൾപ്പെടെ ജനങ്ങൾ വിലയിരുത്തി.
വലിയ പ്രതീക്ഷയോടെയാണ് തലസ്ഥാന ജനത ബിജെപിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം നൽകി നഗരസഭയുടെ അധികാരം ഏൽപ്പിച്ചിരിക്കുന്നത്. അത് കൃത്യമായി കൈകാര്യം ചെയ്യാൻ ബിജെപിക്ക് സാധിക്കണം, മറ്റെല്ലാം മാറ്റിവെച്ച് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരും എന്ന പാഠം ബിജെപിക്ക് മുന്നിലുണ്ട്. അത് കണക്കിലെടുത്ത് കാര്യക്ഷമമായി പ്രവർത്തിച്ചാൽ പാർട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ അത് വലിയ മുതൽക്കൂട്ടാകും.
ഏതായാലും, തലസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കാന്‍ ഒരു ബിജെപി മേയര്‍ എത്തും എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് പാർട്ടി. അസംഭവ്യം എന്ന് കരുതിയതൊക്കെയും സംഭവ്യമാക്കാൻ പാർട്ടിക്ക് സാധിക്കും എന്ന് ബിജെപി നേതാക്കളും അണികളും ഉറപ്പിച്ച് പറയുകയാണ്.

