മസ്കറ്റ്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം എൻ ഇ പി നടപ്പാക്കാൻ തീരുമാനം. ഇന്ത്യൻ സ്കൂൾ ഒമാന്റെ ഡയറക്ടർ ബോർഡ് ആണ് തീരുമാനം അറിയിച്ചത്.
എൻ ഇ പി പ്രകാരം, അക്കാദമിക് ഘടന 5+3+3+4 സംവിധാനത്തിലേക്ക് പുനർനിർവചിക്കപ്പെട്ടിട്ടുണ്ട്. 2025-2026 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന എൻ ഇ പിയുടെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകിൽ ‘ബാൽവതിക’ (പ്രീസ്കൂൾ) എപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് കിന്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും.
മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ കിന്റർഗാർട്ടൻ (ബാൽവതിക), ആറ് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലും,
പ്രിപ്പറേറ്ററി സ്റ്റേജിൽ എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളും 11 മുതൽ 14 വയസ്സുവരെയുള്ള മിഡിൽ സ്റ്റേജിൽ ആറ് മുതൽ എട്ടുവരെ ക്ലാസുകളും14 മുതൽ 18 വയസ്സുവരെയുള്ള 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ സെക്കൻഡറി ഘട്ടവും ഉൾപ്പെടും.
ഇന്റർ സ്കൂൾ ട്രാൻസ്ഫറുകൾക്കുള്ള പ്രവേശനത്തിന് സാധുവായ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. അതേസമയം നിലവിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പ്രമോഷൻ യഥാക്രമം കെ ജി ഒന്ന് മുതൽ കെ ജി രണ്ടു വരെയും കെ ജി രണ്ട് മുതൽ ക്ലാസ് ഒന്നു വരെയും നിലവിലെ സമ്പ്രദായമനസുരിച്ച് തുടരുന്നതാണെന്ന് അധികൃതർ അറിയിച്ചു.