തിരുവനന്തപുരം ; നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗണ്മാൻ സന്ദീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അടിച്ചത് മനപൂർവ്വമല്ലെന്നും,ഔദ്യോഗിക കൃത്യനിർവഹണം മാത്രമായിരുന്നുവെന്നുമാണ് സന്ദീപിന്റെ മൊഴി.തങ്ങൾ തടഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുമായിരുന്നുവെന്നും, ലോക്കൽ പൊലീസ് വെറുതെ നിൽക്കുന്നത് കണ്ടാണ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയതെന്നുമാണ് സന്ദീപിന്റെ മൊഴി.
നേരത്തെ നൽകിയ സത്യവാങ്മൂലത്തിലെയും, ജാമ്യഹർജിയിലെയും വിവരങ്ങൾ തന്നെയാണ് എസ് ഐ ടിയ്ക്കും മുന്നിലും സന്ദീപ് ആവർത്തിച്ചിരിക്കുന്നത് . പ്രതിഷേധക്കാർ പിന്മാറില്ലെന്ന് കണ്ടപ്പോഴാണ് ലാത്തി ഉപയോഗിച്ചതെന്നും സന്ദീപ് നൽകിയ മൊഴിയിൽ പറയുന്നു. നേരത്തെ സത്യവാങ്മൂലത്തിലും, മുൻ കൂർ ജാമ്യാപേക്ഷയിലും നൽകിയ വിവരങ്ങൾ തന്നെയാണ് മൊഴിയായി നൽകിയതെന്നതിനാൽ എസ് ഐ ടി ഇത് എത്രത്തോളം വിശ്വാസത്തിൽ എടുക്കുമെന്നതിലും ഉറപ്പില്ല.
.
കേസിൽ പ്രതികളായ ഗണ്‍മാനും, സുരക്ഷാ ഉദ്യോഗസ്ഥർക്കും കോടതി കഴിഞ്ഞ ദിവസം മുൻ കൂർ ജാമ്യം നൽകിയിരുന്നു. ആലപ്പുഴ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത് . എ ഡി തോമസ് എം എൽ എ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അജയ് എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റത്. പ്രതികൾക്കെതിരെ നരഹത്യാശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ മുൻ കൂർ ജാമ്യാപേക്ഷ നൽകിയത്.

