കൊൽക്കത്ത : ബംഗാളിൽ തൃണമൂലിലെ ആഭ്യന്തരകലഹത്തിന്റെ കാരണങ്ങൾ മറ നീക്കി പുറത്ത് വരുന്നു. പാർട്ടിയിൽ പിളർപ്പ് ഉണ്ടായിട്ടും മമതയ്ക്കൊപ്പം നിന്ന കല്യാൺ ബാനർജിയാണിപ്പോൾ മമതയുടെ അനന്തിരവനും ടിഎം സി നേതാവുമായ അഭിഷേക് ബാനർജിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് . തങ്ങളെ പോലെയുള്ള മുതിർന്ന നേതാക്കളെ വേണോ , അഭിഷേക് ബാനർജിയെ വേണോയെന്ന് മമത വ്യക്തമാക്കണമെന്നാണ് കല്യാൺ ബാനർജി പറയുന്നത്.
വ്യാജ ഒപ്പിടൽ കേസിലും സി ഐഡി റെയ്ഡിനെതിരായ കേസിലും അഭിഷേകിന്റെ അഭിഭാഷകനായിരുന്ന കല്യാൺ ബാനർജിയെ അവസാനനിമിഷം മാറ്റിയതാണ് പ്രകോപനത്തിനു കാരണം . ഇത് തന്നെ അങ്ങേയറ്റം അപമാനിക്കുന്ന നടപടിയായിരുന്നുവെന്നും കല്യാൺ ബാനർജി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. കല്യാൺ ബാനർജിയെ ഒഴിവാക്കി കിഷോർ ദത്തയെയാണ് അഭിഷേക് കേസ് ഏല്പിച്ചത് . അതിലെ ഇഷ്ടക്കേട് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി തന്നെ കല്യാൺ ബാനർജി വെളിപ്പെടുത്തുകയും ചെയ്തു.
‘ ഞാൻ മമതദീദിയ്ക്കൊപ്പമുണ്ട്. പക്ഷെ അവർ തീരുമാനിക്കണം , ഇത് അങ്ങേയറ്റം അപമാനകരമാണ്. അർധരാത്രിയിലാണ് അഭിഭാഷകനെ മാറ്റിയ വിവരം അറിയിക്കുന്നത് . മുതിർന്നവരെ എങ്ങനെ ബഹുമാനിക്കണമെന്ന് അഭിഷേകിന് അറിയില്ല. അവൻ എന്നെ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുകയുമില്ല. അഹങ്കാരിയായ ഒരാൾ കാരണം പാർട്ടി ഇത്രയേറെ തകർന്നു പോയി. അവൻ എന്നെ ചവറ്റുകുട്ടയായാണോ കാണുന്നത് “ കല്യാൺ ബാനർജി ചോദിച്ചു.
അഭിഷേകിന്റെ അഹങ്കാരമാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്നും ഇനി ഒരു കേസിലും അഭിഷേകിനായി ഹാജരാകില്ലെന്നും കല്യാൺ ബാനർജി പറഞ്ഞു.സിഐഡി തന്റെയും, മമതയുടെയും വസതികളിൽ റെയ്ഡുകൾ നടത്തിയപ്പോൾ താനാണ് അതിനെതിരെ നിയമപോരാട്ടം ആരംഭിച്ചത്. ബിജെപിയ്ക്കെതിരായി സാക്ഷികളെ കൊണ്ട് വന്ന് ചോദ്യം ചെയ്തതും താനാണെന്ന് കല്യാൺ ബാനർജി പറഞ്ഞു.
അതേസമയം വ്യാജ ഒപ്പ് കേസിൽ അഭിഷേക് ബാനർജിയുടെ അറസ്റ്റ് കൊൽക്കത്ത ഹൈക്കോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6 മണിക്ക് മുൻപ് ബംഗാൾ സിഐഡിയ്ക്ക് മുന്നിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

