മ്യാന്മാറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു. ഒരു നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് മ്യാന്മാറിലുണ്ടായത് . വ്യാഴാഴ്ച മരണസംഖ്യ 3,085 ആയി ഉയർന്നു, 4,715 പേർക്ക് പരിക്കേൽക്കുകയും 341 പേരെ കാണാതാവുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മ്യാന്മാറിനെ തകർത്തത് . അതേസമയം മ്യാൻമറിലെ അതികഠിനമായ ചൂടും കനത്ത മഴയും ഭൂകമ്പത്തെ അതിജീവിച്ച് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് ഭീഷണിയാകുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഏറ്റവും മോശമായ ഭൂകമ്പ ബാധിത പ്രദേശങ്ങളായ മാൻഡലേ, സാഗിംഗ്, നയ്പിറ്റാവ് എന്നിവിടങ്ങളിൽ കോളറയുടെയും മറ്റ് രോഗങ്ങളുടെയും അപകടസാധ്യത വർദ്ധിക്കുന്നതായും റിപ്പോർട്ടുണ്ട്.ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ പകുതിയോളം ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതാണ് അപകടസാധ്യത വഷളാക്കിയത്
ത്വക്ക് രോഗം, മലേറിയ, ഡെങ്കി എന്നിവയും ഇവിടെ പകരുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഉണ്ടാകുന്ന മഴ സ്ഥിതിഗതികൾ ഏറെ വഷളാക്കുമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.ആഭ്യന്തരയുദ്ധത്തിൻ്റെ കലഹങ്ങൾക്കിടയിലും സഹായ-രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങൾക്ക് ഈ കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയാകും.