കാബൂൾ : കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800-ലധികം പേർ കൊല്ലപ്പെട്ടു . 3000-ത്തിലധികം പേർക്ക് പരിക്ക് . റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നൂർ ഗുൽ, സോക്കി, വാതപൂർ, മനോഗി, ചാപ്പ ദാര തുടങ്ങിയ ജില്ലകളെ ബാധിച്ചു. പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു .
യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, പ്രാദേശിക സമയം രാത്രി 11.47 നാണ് ഭൂകമ്പം ഉണ്ടായത്. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ വടക്കുകിഴക്കായി, 8 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് മെഡിസ് റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കാബൂൾ മുതൽ 370 കി.മീ. അകലത്തിലുള്ള പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് വരെ സെക്കൻഡുകളോളം കുലുങ്ങി.
രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യയും പരിക്കുകളും വളരെ ഉയർന്നതാണെന്നും രക്ഷാപ്രവർത്തകർക്ക് ദുരിതബാധിത പ്രദേശങ്ങളിൽ എത്താൻ ബുദ്ധിമുട്ടാണെന്നും ആരോഗ്യ മന്ത്രി ഷറഫത്ത് സമാന് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായും വിദൂര ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്നതോടെ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കുനാറിലെ പ്രവിശ്യാ വിവര ഓഫീസർ നജീബുള്ള ഹനീഫ് പറഞ്ഞു. അതിഭീകര ഭൂകമ്പങ്ങൾക്ക് സാധ്യതയേറിയ പ്രദേശമാണ് അഫ്ഗാൻ . 2023 ഒക്ടോബർ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിൽ 4000ൽ അധികംപേർ മരിച്ചുവെന്നാണ് താലിബാൻ ഭരണകൂടം അറിയിച്ചിരുന്നത്.

