ധാക്ക : ബംഗ്ലാദേശിൽ ജനക്കൂട്ടം അക്രമിച്ച് തീകൊളുത്തിയ ഹിന്ദു ബിസിനസുകാരന് ചികിത്സയിലിരിക്കെ ദാരുണാന്ത്യം . മെഡിസിൻ, മൊബൈൽ ബാങ്കിംഗ് ബിസിനസ്സ് നടത്തിയിരുന്ന ഖോകോൺ ചന്ദ്ര ദാസ് (50) ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ബുധനാഴ്ച രാത്രി കട അടച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാസിനെ ജനക്കൂട്ടം ആക്രമിച്ചത് . മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം തീകൊളുത്തി. തുടർന്ന് തീ അണയ്ക്കാൻ ദാസ് അടുത്തുള്ള നദിയിലേക്ക് ചാടി. സമീപത്തെ താമസക്കാരാണ് അദ്ദേഹത്തെ രക്ഷപെടുത്തിയത്. ആദ്യം അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ധാക്കയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന് ശത്രുക്കളായി ആരുമില്ലെന്നും, എല്ലാവരുമായും സൗഹൃദബന്ധം പുലർത്തിയിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശിൽ കൊല്ലപ്പെടുന്ന നാലാമത്തെ ഹിന്ദു വിശ്വാസിയാണ് ദാസ് . ദൈവനിന്ദ ആരോപിച്ചാണ് ആദ്യം ദീപു ചന്ദ്രദാസിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ക്രിമിനൽ സംഘത്തിന്റെ തലവനാണെന്ന് ആരോപിച്ചാണ് അമൃത് മൊണ്ടലിനെ കൊലപ്പെടുത്തിയത്. ബജേന്ദ്ര ബിശ്വാസിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു . ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ അപലപിച്ചിരുന്നു.

