ന്യൂഡൽഹി : പാക് ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ ഭീകര സംഘടനയുടെ ഇന്ത്യയിലെ പ്രോക്സി ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന് പല വിദേശരാജ്യങ്ങളിൽ നിന്നും ധനസഹായം ലഭിക്കുന്നതായി അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് . ഇന്ത്യാ വിരുദ്ധ ഘടകങ്ങളുമായും തീവ്രവാദ പിന്തുണക്കാരുമായും ബന്ധപ്പെട്ട 463 ഫോൺ കോളുകളാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് വന്നതെന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയത് . പാകിസ്ഥാൻ, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇവർക്ക് ധനസഹായവും ലഭിച്ചിട്ടുണ്ട്. ഇതാണ് ഉപഭൂഖണ്ഡത്തിലുടനീളം ഭീകരത വ്യാപിപ്പിക്കാൻ അവരെ സഹായിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു.
മലേഷ്യൻ നിവാസിയായ യാസിർ ഹയാത്ത് വഴി ടിആർഎഫിന് ഏകദേശം 9 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചതായി എൻഐഎ കണ്ടെത്തി . അതോടൊപ്പം ലഷ്കർ-ഇ-തൊയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരനായ സാജിദ് മിറിന്റെ ശൃംഖലയുമായും ടിആർഎഫ് ബന്ധം സ്ഥാപിച്ചു. ഇവരുടെ മൊബൈൽ ഡാറ്റ, സോഷ്യൽ മീഡിയ ചാറ്റുകൾ, ബാങ്ക് ഇടപാടുകൾ, കോൾ റെക്കോർഡുകൾ എന്നിവയിൽ നിന്നും നിർണായക വിവരങ്ങൾ എൻഐഎ വീണ്ടെടുത്തു.
ശ്രീനഗറിലും ജമ്മു കശ്മീരിലെ ഹന്ദ്വാരയിലും നടത്തിയ റെയ്ഡുകൾക്ക് പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. . ടിആർഎഫിന്റെ വിദേശ ധനസഹായവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഏജൻസി കണ്ടെത്തിയിരുന്നു. ഫണ്ടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെയും ഉറവിടങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും, സാമ്പത്തിക സഹായം നൽകുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ ഈ രേഖ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് (എഫ്എടിഎഫ്) മുന്നിൽ ഫൂൾപ്രൂഫ് കേസായി അവതരിപ്പിച്ചേക്കും. തീവ്രവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനും സുരക്ഷിത താവളങ്ങളായി കണക്കാക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനെ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പാകിസ്ഥാന്റെ ഭീകര ഫണ്ടിംഗ് പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മതിയായ തെളിവുകൾ ഉണ്ടെന്നും പാകിസ്ഥാനെ എഫ്എടിഎഫിന്റെ കള്ളപ്പണം വെളുപ്പിക്കൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഇത് ഉപയോഗിക്കുമെന്നും പല തവണ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരവാദ ധനസഹായത്തിന് സമഗ്രവും ഏകോപിതവുമായ സമീപനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി 2018 ജൂണിൽ പാകിസ്ഥാനെ FATF ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. FATF ന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ വിദേശ സഹായം ലഭിക്കുന്നതിൽ പാകിസ്ഥാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു, കൂടുതൽ സൂക്ഷ്മപരിശോധനയും ഉണ്ടായിരുന്നു. 2022 സെപ്റ്റംബറിൽ, FATF നിർദ്ദേശിച്ച ഒരു കർമ്മ പദ്ധതി പൂർത്തിയാക്കിയതായി കണ്ടെത്തിയതിനെത്തുടർന്ന് പട്ടികയിൽ നിന്ന് നീക്കം ചെയ്തു.

