വാഷിംഗ്ടൺ : അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു . കഴിഞ്ഞ ദിവസം ഇറാനിയൻ താവളങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയിരുന്നു . അതിന് പിന്നാലെ ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണവും നടത്തി. യുഎസ് ആക്രമണത്തിൽ ഖാർഗ് ദ്വീപ് പൂർണ്ണമായും നശിപ്പിച്ചതായി ട്രമ്പ് പ്രസ്താവിച്ചിരുന്നു .
യുഎസ് ആക്രമണത്തിന്റെ അനിമേറ്റഡ് വീഡിയോയും ട്രമ്പ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. “ഖാർഗ് ദ്വീപ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു” എന്ന അടിക്കുറിപ്പോടെയാണ് ട്രമ്പ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഒപ്പം നിരവധി ഇറാനിയൻ താവളങ്ങൾ ആക്രമിച്ചതായും യുഎസ് അവകാശപ്പെട്ടു.
ഇറാനിലെ ലാറക് ദ്വീപിലെ രണ്ട് ലോഞ്ചറുകയും യുഎസ് സൈന്യം ലക്ഷ്യമിട്ടിരുന്നു . “ഹോർമുസ് കടലിടുക്കിലേക്ക് കടൽ മൈനുകൾ ഉപയോഗിച്ച് റോക്കറ്റുകൾ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) സൈനികരെ നിരീക്ഷിച്ചു,” എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രോം) വക്താവ് ടിം ഹോക്കിൻസ് ഇതിനെ കുറിച്ച് വ്യക്തമാക്കിയത്.
യുഎസ് സൈന്യം ഈ മേഖലയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ സുപ്രധാന കടൽ പാതയിലൂടെ വ്യാപാര കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തിരിച്ചടിയായാണ് ഇറാൻ ജോർദാനിലെ യുഎസ് താവളങ്ങൾ ലക്ഷ്യം വച്ചത്. തിങ്കളാഴ്ച തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച എട്ട് മിസൈലുകൾ തടഞ്ഞതായി ജോർദാൻ സൈന്യം അറിയിച്ചു.

