ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ പ്രതികാരം ഉടനെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷ്മെർഗ .
“പ്രതികാരം ചെയ്യേണ്ടത് നമ്മുടെ കടമയും അവകാശവുമാണ്. ഒരു ഭയാനകമായ കുറ്റകൃത്യം നടന്നു. ഇതിന് പിന്നിലുള്ള എല്ലാവരും കനത്ത വില നൽകേണ്ടിവരും. ഖമേനിയുടെ കൊലപാതകം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ഷിയകൾക്കുമെതിരെ യുദ്ധ പ്രഖ്യാപനമാണ്,” മസൂദ് പെഷ്മെർഗ പറഞ്ഞു.
ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡുകൾ ഇസ്രായേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കുമെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നടപടി നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. “നീച കുറ്റവാളികൾ”ക്കെതിരെ കനത്ത പ്രഹരമേൽപ്പിക്കുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും പറഞ്ഞു.
ഇറാനിലെ മിക്ക പ്രദേശങ്ങളിലും നിലവിൽ ഇന്റർനെറ്റ് സേവനം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ് . കണക്റ്റിവിറ്റി ഒരു ശതമാനമായി കുറഞ്ഞുവെന്ന് നെറ്റ്ബ്ലോക്ക്സ് റിപ്പോർട്ട് ചെയ്തു. ഖമേനിയുടെ മരണത്തെത്തുടർന്ന്, അയത്തുള്ള അലിറേസ അറഫിയെ പുതിയ ഇടക്കാല സുപ്രീം നേതാവായി നിയമിച്ചു.
അതേസമയം മിഡിൽ-ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനിയൻ മിസൈലുകൾ ഇപ്പോൾ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ട്. ദുബായ് വിമാനത്താവളം, ബുർജ് ഖലീഫ, ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾ എന്നിവ ഇറാൻ വീണ്ടും ലക്ഷ്യമാക്കി. ആക്രമണത്തിന് ശേഷം അബുദാബി അന്താരാഷ്ട്ര വിമാനത്താവളം തിങ്കളാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്.

