ടെഹ്റാൻ : ആയത്തുള്ള അലിഖമേനിയ്ക്കായി ഇസ്രായേലും- അമേരിക്കയും വല വിരിച്ചത് മാസങ്ങൾക്ക് മുൻപാണ് . ആസൂത്രണങ്ങളും, ആലോചനകളും നടക്കുമ്പോഴും ഖമേനി എവിടെയാകുമെന്ന സംശയം ബാക്കി നിന്നു . ഒപ്പം റഡാറുകൾക്ക് പോലും ദൃശ്യമാകാതെ എങ്ങനെ ഇറാന്റെ വ്യോമമേഖലയിൽ കയറിക്കൂടാനാകുമെന്ന ചിന്തയും. അതിനൊടുവിൽ ഉയർന്നു വന്ന ഒരു പേര് ‘ ടോമാഹോക്ക് ‘ ആയിരുന്നു. 2,500 കിലോമീറ്റർ ദൂരപരിധിയിൽ റഡാറിന്റെ കണ്ണ് വെട്ടിച്ച് പറക്കാൻ കഴിയുന്ന യുഎസ് ക്രൂയിസ് മിസൈലുകൾ.
അമേരിക്കൻ സൈന്യത്തിന്റെ ആയുധപ്പുരയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് ടോമാഹോക്ക് ക്രൂയിസ് മിസൈൽ. ഒരു ചെറുവീടിന്റെ വലിപ്പമുള്ള ലക്ഷ്യം പോലും ആയിരക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് കൃത്യമായി തകർക്കാൻ ഇതിന് കഴിയും . ജിപിഎസ്, ടെറൈൻ-കോണ്ടൂർ മാപ്പിങ് (TERCOM) പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ലക്ഷ്യത്തിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ ആക്രമണം നടത്താൻ സാധിക്കും.
ഭൂമിയോട് വളരെ താഴ്ന്ന്, മണിക്കൂറിൽ 885 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങൾക്ക് ഇതിനെ കണ്ടെത്താൻ പ്രയാസമാണ്.വിക്ഷേപിച്ചതിന് ശേഷം പോലും ടോമാഹോക്കിന്റെ ലക്ഷ്യസ്ഥാനം മാറ്റാനോ, പുതിയ നിർദ്ദേശങ്ങൾ നൽകാനോ സാധിക്കും. മാറിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യങ്ങളിൽ ഇത് നിർണായകമാണ്
1991-ലെ ഗൾഫ് യുദ്ധത്തിലാണ് ടോമാഹോക്ക് ആദ്യമായി ലോകശ്രദ്ധ നേടുന്നത്. അതിനുശേഷം നടന്ന പ്രധാനപ്പെട്ട അമേരിക്കൻ സൈനിക നീക്കങ്ങളിലെല്ലാം ഈ മിസൈൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ചർച്ചകൾക്കൊടുവിൽ പദ്ധതികൾ വ്യക്തമായി ആസൂത്രണം ചെയ്തു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം നാവിക, കര പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒരേസമയം ആരംഭിച്ചു. അറേബ്യൻ കടലിലെയും ഇസ്രായേൽ തീരത്തെയും വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് യുഎസ് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. ഖമേനി ‘അതിജീവിക്കാൻ സാധ്യതയില്ല, ജോലി പൂർത്തിയാക്കൂ ‘ എന്ന നെതന്യാഹുവിന്റെ സന്ദേശം ഇസ്രായേൽ സൈനികരെ തേടിയെത്തി.
യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ ആസ്ഥാനമായുള്ള വ്യോമത്താവളങ്ങളിൽ നിന്നുള്ള യുഎസ് വിമാനങ്ങളും ദൗത്യത്തിൽ പങ്കെടുത്തു. ഇസ്രായേലിനുള്ളിലെ താവളങ്ങളിൽ നിന്നാണ് ഇസ്രായേലി യുദ്ധവിമാനങ്ങളും മിസൈലുകളും വിക്ഷേപിച്ചത്. ഇറാനിയൻ ലക്ഷ്യങ്ങൾ നശിപ്പിക്കാൻ യുഎസ് പ്രധാനമായും ഉപയോഗിച്ചത് ശക്തമായ ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണ്.
ഇവ യുദ്ധക്കപ്പലുകളിൽ നിന്നാണ് വിക്ഷേപിച്ചത്. ഇസ്രായേൽ ബ്ലൂ സ്പാരോ ബാലിസ്റ്റിക് മിസൈലുകളും സ്പൈസ് ഗൈഡഡ് ബോംബുകളും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ഇറാനെതിരായ പ്രതിരോധ നടപടികളിൽ യുഎസിനെ സഹായിച്ചതായി യുകെ സ്ഥിരീകരിച്ചു.

