ന്യൂഡൽഹി: ഗൾഫ് മേഖലയിൽ നാളെ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ശേഷിക്കുന്ന പരീക്ഷകളും മാറ്റിവയ്ക്കുമോ എന്ന് വ്യക്തമല്ല. യുഎഇ, ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരീക്ഷകൾ മാറ്റിവച്ചു.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഇവിടെ സ്കൂളുകൾ അടച്ചിട്ടു. ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ബോർഡ് പരീക്ഷകൾ നടക്കുന്നതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും സ്ഥിതിഗതികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പരീക്ഷകൾ മാറ്റിവച്ചതോടെ ആശങ്കകൾക്ക് താൽക്കാലികമായി അയവു വന്നു.
ഇറാൻ ബഹ്റൈൻ തലസ്ഥാനമായ മനാമയിലും മിസൈലുകൾ വിക്ഷേപിച്ചു, പക്ഷേ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ നീക്കത്തെ തടഞ്ഞു. രാജ്യത്തെ യുഎസ് സൈനിക താവളങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. കഴിയുന്നത്ര ആളുകൾ വീട്ടിൽ തന്നെ തുടരണമെന്ന് അധികൃതർ ആളുകളോട് പറയുന്നുണ്ട്. ദുബായിൽ, ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഇറാൻ അയച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങളാണിതെന്ന് കരുതപ്പെടുന്നു.
ശനിയാഴ്ച അർദ്ധരാത്രിയോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങളിലും ആക്രമണം നടന്നു. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ അയച്ച മിക്ക മിസൈലുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചതായി യുഎഇ വ്യക്തമാക്കി.

