വാഷിംഗ്ടൺ : ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനികൾക്ക് അവരുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും സൈനിക നടപടി തുടരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
“ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളായ ഖമേനി മരിച്ചു” എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത് . ഇറാനിയൻ ജനതയ്ക്കും ഖമേനിയുടെ നേതൃത്വത്തിൽ ഉപദ്രവിക്കപ്പെട്ട അമേരിക്കക്കാർക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള നീതിയായിട്ടാണ് അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇറാനിയൻ നേതാവിന് നമ്മുടെ ഇന്റലിജൻസ്, അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും ഇസ്രായേലുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയതെന്നും ട്രംപ് പറഞ്ഞു.
ഖമേനിക്കൊപ്പം മറ്റ് മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടുവെന്നും അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നിമിഷത്തെ ചരിത്രപ്രധാനമെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനിയൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും പറഞ്ഞു. ഇറാന്റെ റെവല്യൂഷണറി ഗാർഡിലെയും സുരക്ഷാ സേനയിലെയും ചില അംഗങ്ങൾ തിരിച്ചടിയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു . പക്ഷേ പിന്നീട് അവർ മരണത്തെ മാത്രമേ നേരിടേണ്ടിവരൂവെന്നും അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലും ലോകമെമ്പാടും സമാധാനം സ്ഥാപിക്കാൻ ആവശ്യമായിടത്തോളം കാലം സൈനിക സമ്മർദ്ദം തുടരുമെന്ന് അദ്ദേഹം സൂചന നൽകി. ആക്രമണത്തിന് ശേഷംഅലി ഖമേനിയുടെ മൃതദേഹം കണ്ടെടുത്തതായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. 1989 മുതൽ ഇറാൻ ഭരിക്കുന്ന നേതാവിനെ ലക്ഷ്യം വയ്ക്കാൻ യുഎസ് ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
എന്നാൽ ഖമേനി ഉറച്ചുനിൽക്കുന്നുണ്ടെന്നും അധികാരത്തിലുള്ള തന്റെ പിടി നിലനിർത്തുന്നുണ്ടെന്നും ഇറാനിയൻ വാർത്താ ഏജൻസികളായ തസ്നിമും മെഹറും അവകാശപ്പെട്ടു . എന്നാൽ ഇറാനിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ ഖമേനിയുടെ മരണം സ്ഥിരീകരിച്ചു. ഇറാൻ മിലിട്ടറി മോണിറ്റർ എക്സിന്റെ പേരിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം “തീർച്ചയായും, നമ്മൾ അല്ലാഹുവിന്റേതാണ്, അവനിലേക്ക് തന്നെ ഞങ്ങൾ മടങ്ങും. ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായ ഇമാം ഖമേനി രക്തസാക്ഷിത്വം വരിച്ചു.” എന്നാണ് കുറിച്ചത്.
അതേസമയം, ഖമേനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന് പേർഷ്യൻ ഭാഷയിൽ എഴുതിയ പോസ്റ്റിൽ ഇങ്ങനെ പറയുന്നു, “വിശ്വാസികളിൽ അല്ലാഹുവിനോടുള്ള നേർച്ചകൾ നിറവേറ്റിയവരുണ്ട്. അവരിൽ ചിലർ തങ്ങളുടെ നേർച്ചകൾ നിറവേറ്റി (രക്തസാക്ഷികളായി), മറ്റുള്ളവർ ഇപ്പോഴും കാത്തിരിക്കുന്നു. അവർ തങ്ങളുടെ ഉദ്ദേശ്യങ്ങൾ ഒട്ടും മാറ്റിയിട്ടില്ല.”

