ജറുസലേം ; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് . ഗാസ യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേലും ഹമാസും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ഇസ്രായേൽ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് നെതന്യാഹുവിന്റെ അഭാവത്തിൽ, ഉപപ്രധാനമന്ത്രി യാരിവ് ലെവിനെ ഇടക്കാല പ്രധാനമന്ത്രിയാക്കി.
പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിനാണ് സുരക്ഷാ കാര്യങ്ങളുടെ ഉത്തരവാദിത്തം നൽകിയിരിക്കുന്നത്. നെതന്യാഹുവിന്റെ അഭാവത്തിൽ അദ്ദേഹം സുരക്ഷാ മന്ത്രിസഭയെ നയിക്കും. നെതന്യാഹു ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത് ഇതാദ്യമല്ല. 2023 ഡിസംബറിൽ അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ നടത്തി. 2024 മാർച്ചിൽ, ഹെർണിയ ശസ്ത്രക്രിയയും നടത്തി .അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ട്. പ്രധാനമന്ത്രി എല്ലാ വർഷവും ഒരു മെഡിക്കൽ റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ടതുണ്ടെങ്കിലും, 2016 മുതൽ 2023 വരെ നെതന്യാഹു ഒരു റിപ്പോർട്ടും പുറത്തുവിട്ടില്ല. 2023 ജനുവരിയിൽ വന്ന റിപ്പോർട്ടിൽ അദ്ദേഹം പൂർണ്ണമായും ആരോഗ്യവാനാണെന്നും പറഞ്ഞിരുന്നു.

