ഗാസ സിറ്റി : ഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ മധ്യസ്ഥ ചർച്ചകൾ നിർണായക വഴിത്തിരിവിൽ . ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും പൂർണ്ണമായ നിരായുധീകരണത്തിനായി ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പ്രഖ്യാപിച്ചത് . ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവ ഉൾപ്പെടുന്ന സമാധാന സമിതിയുമായുള്ള ചർച്ചയിലാണ് ഹമാസിന്റെ നിരായുധീകരണം തീരുമാനമായത്.
‘ഗാസയിലെ ഹമാസിനെയും മറ്റ് സായുധ ഗ്രൂപ്പുകളെയും പൂർണ്ണമായും നിരായുധീകരിക്കാൻ പീസ് കമ്മിറ്റി ചരിത്രപരമായ കരാറിൽ എത്തി. ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ്പാണിത്,’ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിക്കാനും ഗാസ പുനർനിർമ്മിക്കാനും ട്രംപിന്റെ ’20 ഇന പദ്ധതി’ നടപ്പിലാക്കുന്നതിൽ ഈ കരാർ നാഴികക്കല്ലായിരിക്കും . ഗവേണിംഗ് കൗൺസിലിന്റെ പിന്തുണയോടെ ഗാസ ഭരിക്കാൻ പുതിയ പലസ്തീൻ സർക്കാരിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ കരാറെന്ന് ട്രംപ് പറഞ്ഞു. ഭീകരാക്രമണങ്ങൾക്കുള്ള കേന്ദ്രമായി നഗരം ഇനി മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സ്ഥിരത ഉറപ്പാക്കുന്ന പോലീസ് സേന ഇവിടെ സ്ഥാപിക്കും. കരാർ നടപ്പിലാക്കുന്നതോടെ, ഇസ്രായേൽ സൈന്യവും ഈ പ്രദേശത്ത് നിന്ന് പിന്മാറും. ‘ഈ കരാർ പ്രകാരം, ഗാസ ഇപ്പോൾ ജനങ്ങളെ സംരക്ഷിക്കുന്ന പുതിയ സർക്കാരിന്റെ കീഴിലായിരിക്കും,’ ട്രംപ് പറഞ്ഞു.

