ഡബ്ലിൻ: സ്വകാര്യ വിതരണക്കാരിൽ നിന്നും കുടിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ). മലിനീകരണമുണ്ടോയെന്ന് ഉറപ്പുവരുത്താതെയാണ് പല കമ്പനികളും വെള്ളം വിതരണം ചെയ്യുന്നതെന്ന് ഇപിഎ വ്യക്തമാക്കി. ഇത് പൊതുജനാരോഗ്യത്തിന് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. അതിനാൽ എല്ലാ സ്വകാര്യ കുടിവെള്ള വിതരണ കമ്പനികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും ഇപിഎ ആവശ്യപ്പെടുന്നു.
ഭവന തദ്ദേശ വകുപ്പിനെയാണ് ഇപിഎ ആവശ്യം അറിയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിന് പുറമേ പതിവായ നിരീക്ഷണവും ഇത്തരം കമ്പനികൾക്ക്മേൽ ആവശ്യമാണ്. ഇതിനനുസരിച്ച് നയങ്ങളിൽ മാറ്റം വരുത്തണമെന്നും ഇപിഎ ആവശ്യപ്പെടുന്നു.
രാജ്യത്തുടനീളം സ്കൂളുകൾ, ക്രെഷുകൾ, നഴ്സിംഗ് ഹോമുകൾ, ഹോട്ടലുകൾ, ക്യാമ്പ് സൈറ്റുകൾ, സ്പോർട്സ് ക്ലബ്ബുകൾ, മറ്റ് വാണിജ്യ, പൊതു സ്ഥലങ്ങൾ എന്നിവയിലേക്ക് കിണറുകളിൽ നിന്നും മറ്റ് സ്വകാര്യ സ്രോതസ്സുകളിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്ന ആയിരക്കണക്കിന് ചെറുകിട സ്വകാര്യ ജലവിതരണ സ്ഥാപനങ്ങളുണ്ട്. എന്നാൽ ഇതിൽ ഏകദേശം 1,600 എണ്ണം മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ

